ന്യൂദല്‍ഹി: കബില്‍ സിബലിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രജ്ഞന്‍ ചൗധരി. പൊതുവേദിയില്‍ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നവര്‍ക്ക് വേറെ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയോ മറ്റൊരു പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യാമെന്ന് ചൗധരി കബിലിന്റെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ചു. ചൗധരിയുടെ വാക്കുകള്‍ വിമത നേതാക്കള്‍ക്കെതിരെ നെഹ്രു കുടുംബത്തെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ പടയൊരുക്കത്തിന്റെ ആരംഭമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ലമെന്റിലെ സോണിയുടെ ശബ്ദം എന്നാണ് അധീര്‍ രജ്ഞന്‍ ചൗധരി അറിയപ്പെടുന്നത്.
ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്ത ആളാണ് കബില്‍ സിബല്‍. ഒന്നും ചെയ്യാതെ പാര്‍ട്ടിക്കെതിരെ പൊതുജനമധ്യത്തില്‍ വിമര്‍ശിക്കുന്ന പ്രവണതയെ ആത്മ പരിശോധനയെന്ന് കണക്കാക്കാന്‍ കഴിയില്ലായെന്ന് ചൗധരി പറഞ്ഞു. എതിര്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടത് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് മുന്നിലാകണം. ഒന്നും ചെയ്യാതെ പാര്‍ട്ടിയുടെ പരാജയത്തെ വിമര്‍ശിക്കുന്നവര്‍ക്ക് എന്ത് അര്‍ഹതയാണുള്ളതെന്നും അദേഹം ചോദിച്ചു.
കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് എന്താണ് കാരണമെന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടി നേതൃത്വത്തിനും അറിയാം എന്നാല്‍ ആത്മപരിശോധന നടത്തി അതു തിരുത്താന്‍ ആരും തയാറാകുന്നില്ലെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ നെഹ്രു കുടുംബത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവും കുടുംബ നേതൃത്വത്തെ അനുകൂലിക്കുന്നവരും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിതെളിച്ചിരിക്കുകയാണ്. ബിഹാര്‍ തെരെഞ്ഞെടുപ്പിലെയും മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരെഞ്ഞെടുപ്പിലെയും തോല്‍വികള്‍ അതിന് ആക്കംകൂട്ടി.