ഹവാന : ക്യൂബ കമ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവി റൗൾ കാസ്ട്രോ (89) സ്ഥാനമൊഴിഞ്ഞു. പ്രസിഡന്റ് മിഗേൽ ഡൂയസ് കനേൽ (60) ആണു പുതിയ ഫസ്റ്റ് സെക്രട്ടറി. ക്യൂബയിൽ 6 പതിറ്റാണ്ടു നീണ്ട കാസ്ട്രോ സഹോദരന്മാരുടെ മേധാവിത്വത്തിനു വിരാമമിടുന്നതാണ് അധികാരക്കൈമാറ്റം. പാർട്ടി കോൺഗ്രസിലാണു തീരുമാനം.
പൊതു ജീവിതത്തിൽനിന്നു വിരമിക്കുകയാണെന്നു കഴിഞ്ഞയാഴ്ച റൗൾ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു. റൗൾ കാസ്ട്രോയുടെ പിൻഗാമിയായി 2018 ലാണു കനേൽ ക്യൂബയുടെ പ്രസിഡന്റായത്. യുഎസിനോടു ചേർന്നു കിടക്കുന്ന കരീബിയൻ ദ്വീപ് രാഷ്ട്രമായ ക്യൂബയിൽ 1959 ലാണു ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയത്. 48 വർഷം അധികാരത്തിലിരുന്ന ഫിദൽ, 2008 ൽ സ്ഥാനമൊഴിഞ്ഞപ്പോഴാണു സഹോദരൻ റൗൾ കാസ്ട്രോ നേതൃത്വമേറ്റത്. 90–ാം വയസ്സിൽ 2016 ൽ ഫിഡൽ അന്തരിച്ചു.