കോന്നി : കോന്നി പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡി, സി എഫ് ട്ടി കെ കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപെടുത്തണം എന്നും ആവശ്യപെട്ട് വിദ്യാർഥികൾ അഡ്മിനിസ്ട്രെറ്റീവ് ഓഫിസ് ഉപരോധിച്ചു. കഴിഞ്ഞ ഒൻപത് മാസക്കാലമായി കോളേജിൽ മൈക്രോ ബയോളജി ഉൾപ്പെടെ പഠിപ്പിക്കാൻ അധ്യാപകർ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. ഈ അധ്യയന വർഷം ആരംഭിച്ചിട്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നിയമനം നടന്നിട്ടില്ല. ഇത് സംബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾ അന്വേഷിച്ചപ്പോൾ അപേക്ഷിച്ച മതിയായ യോഗ്യത ഉള്ളവരിൽ നിന്നും ഇന്റർവ്യു നടത്താതെ മറ്റുള്ള ആളുകളെ ഇന്റർവ്യൂ ചെയ്യുകയും ഇത് സംബന്ധിച്ച വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടി നൽകുകയുമാണ് ചെയ്തത്. മാത്രമല്ല ഇവിടെ മൈക്രോ ബയോളജി അടക്കമുള്ള വിഷയങ്ങളിൽ അധ്യാപകർ ഇല്ലാത്തതിനാൽ വിദ്യാർഥികൾ സ്വയം പഠിക്കുകയാണ് ചെയ്തത്.
ഒരു വർഷമായി പ്രിൻസിപ്പാൾ ഇല്ലാത്തതിനാൽ പ്രധാന അദ്ധ്യാപകൻ ഈ ചുമതല വഹിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. 139 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് എങ്കിലും ഇവർക്ക് ഇരിക്കുവാൻ ആവശ്യമായ ഫർണിച്ചർ ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കോളേജ് ഹോസ്റ്റലും ഇല്ല. 6000 രൂപയോളം വാടക നൽകി സ്വകാര്യ ഹോസ്റ്റലുകളിൽ ആണ് ഇവർ താമസിക്കുന്നത്. ഈ വിഷയങ്ങൾ ഉന്നയിച്ച് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു. ഈ വിഷയങ്ങളിൽ നടപടി ഉണ്ടാകുന്നത് വരെ സമരം അനിശ്ചിതമായി മുന്നോട്ട് കൊണ്ടുപോകാൻ ആണ് വിദ്യാർത്ഥികളുടെ തീരുമാനം.