അടൂർ : ഓരോ മിനിറ്റിലും ജാതീയമായ അവഹേളനങ്ങൾക്ക് രാജ്യത്തെ പിന്നോ ക്കവിഭാഗങ്ങൾ വിധേയമാകുമ്പോൾ അവർക്ക് അന്തസ്സായൊരു ജീവിതം പകർന്നുനൽകിയത് ഇന്ത്യൻ ഭരണഘടനയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ പറഞ്ഞു. ഭരണഘടനയെ വികലമാക്കുന്നതിനും ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറെ നിരന്തരം അപമാനിക്കാനുമുള്ള സംഘപരിവാർ സംഘടനകളുടെയും ബിജെപി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും ആസൂത്രിത നീക്കത്തിനെതിരെ അംബേദ്കറാണ് രാജ്യം, ഭരണഘടനയാണ് ആത്മാവ് എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂരിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ ആത്മാഭിമാനത്തോടെ എഴുന്നേറ്റ് നിൽക്കാൻ പര്യാപ്തമാക്കിയത് ഭരണഘടനയാണ്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ മനുഷ്യരായി പരിവർത്തനം ചെയ്യപ്പെട്ടു എന്നതാണ് സവർണ വിഭാഗം ഭരണഘടനക്ക് എതിരെ വരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, ബിഎസ്പി ജില്ലാ പ്രസിഡന്റ് മധു നെടുമ്പാല, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ഷാജി റസാഖ്, കേരള മനുഷ്യാവകാശ സമിതി അംഗം കെ രമണൻ, കെ ഡി പി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സതീഷ് പാണ്ടനാട്, വിസികെ ജില്ലാ കോർഡിനേറ്റർ അജാ കോമളൻ, സി എസ് ഡി എസ് അടൂർ താലൂക്ക് പ്രസിഡന്റ് സുരേഷ് മണക്കാല, എസ്‌ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ആലപ്ര, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സബീന അൻസാരി, എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറിമാരായ സലിം മൗലവി, അൻസാരി മുട്ടാർ, വൈസ് പ്രസിഡന്റുമാരായ എം ഡി ബാബു, മുഹമ്മദ് പി സലീം, സെക്രട്ടറിമാരായ ഷെയ്ക്ക് നജീർ, സുധീർ കോന്നി, ഷഫ്‌ന റാഷിദ്, ട്രഷറർ ഷാജി കോന്നി, കമ്മിറ്റി അംഗങ്ങളായ സിയാദ് നിരണം, അഭിലാഷ് റാന്നി, സഫിയ പന്തളം, ഷാനവാസ് പേഴുംകാട്ടിൽ,അംജിത അജ്മൽ, അടൂർ മണ്ഡലം സെക്രട്ടറി താജുദീൻ അടൂർ എന്നിവർ സംസാരിച്ചു. നാടാകെ ന്യൂ ഇയർ ആഘോഷങ്ങളിൽ മുഴുകിയ വേളയിലാണ് എസ്ഡിപിഐ രാപ്പകൽ സമരം സംഘടിപ്പിച്ചത്. വൈകിട്ട് അഞ്ചിന് ആരംഭിച്ച രാപകൽ സമരം രാത്രി 12 മണിയോടെ സമാപിച്ചു.