കോന്നി : ഗവ. മെഡിക്കല്‍ കോളേജില്‍ രക്ത ബാങ്ക് നിര്‍മ്മാണം പൂര്‍ത്തിയായി. കിഫ്‌ബിയില്‍ നിന്നും അനുവദിച്ച 1.28 കോടി രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള രക്ത ബാങ്ക് സജ്‌ജമാക്കിയിരിക്കുന്നത്. രക്തത്തില്‍ നിന്നും ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിന് 45 ലക്ഷം രൂപ വില വരുന്ന ക്രയോ ഫ്യൂജ് ഉള്‍പ്പടെ 22 അത്യാധുനിക ഉപകരണങ്ങളാണ് രക്ത ബാങ്കില്‍ സജ്ജമാക്കിയിട്ടുള്ളത്. രക്തം ശേഖരിക്കുന്നതിനുള്ള ശീതീകരണ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടും. രക്‌തത്തിലെ ആന്റിജനും ആന്റി ബോഡിയും വേര്‍തിരിച്ച് ഗ്രൂപ്പ് നിര്‍ണയിക്കുന്നതിനുള്ള ജെല്‍ കാര്‍ഡ് സെന്‍ട്രി ഫ്യൂജ് രണ്ട് എണ്ണവും ബ്ലഡ് എടുക്കാന്‍ ഉപയോഗിക്കുന്ന ബ്ലഡ് കളക്ഷന്‍ മോണിട്ടേഴ്‌സ് മൂന്ന് എണ്ണവും ഒരുക്കിയിട്ടുണ്ട്.
നിലവില്‍ രക്തം സൂക്ഷിക്കുന്നതിനുള്ള ബ്ലഡ് സ്‌റ്റോറേജ് യൂണിറ്റ് സൗകര്യം ഇവിടെയുണ്ട്. അഞ്ച് ഓപ്പറേഷന്‍ തീയേറ്ററുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. കെ.എം.എസ്.സി.എല്‍നാണ് നിര്‍മ്മാണ ചുമതല. കുട്ടികളുടെ ഐ.സി.യു നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിന്റെ നിര്‍മ്മാണം തുടങ്ങയിട്ടുണ്ട്. ഗൈനക്കോളജി ഓപ്പറേഷന്‍ തീയറ്റര്‍, ഡെലിവറി റൂം, വാര്‍ഡ് തുടങ്ങിയവ അത്യാധുനിക രീതിയിലാണ് സജ്ജീകരിക്കുന്നത്.