റാന്നി : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ നിര്‍മ്മാണം മുടങ്ങി കിടന്ന ചെത്തോങ്കര-എസ്.സി പടി ഭാഗത്തെ നിര്‍മ്മാണം പുനരാരംഭിച്ചു. സംസ്ഥാന പാതയുടെ നിര്‍മ്മാണം പലഭാഗത്തും ഏറെ കുറെ അന്തിമ ഘട്ടത്തിലേയ്ക്ക് എത്തിയിരുന്നു. അപ്പോഴും ഇവിടെ ഒരു കിലോമീറ്റര്‍ ദൂരം തകര്‍ന്നു കിടക്കുകയായിരുന്നു. വാഹനയാത്ര ദുഷ്ക്കരമായതോടെ ജനങ്ങള്‍ പ്രതിക്ഷേധിക്കുവാനും തുടങ്ങി. ഇതോടെ കെ.എസ്.ടി.പി അധികൃതരും കരാര്‍ കമ്പനിയും ചേര്‍ന്ന് നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വശങ്ങള്‍ കെട്ടിയുയര്‍ത്തിയ ഭാഗം മണ്ണിട്ട് നിരപ്പാക്കി അവിടെ മെറ്റലും സിമന്‍റും ചേര്‍ന്ന മിശ്രിതം ഇട്ടുറപ്പിക്കുന്ന ജോലികളാണ് ആരംഭിച്ചത്. എസ്.സി പടി മുതല്‍ ചെത്തോങ്കര വരെ റോഡിനൊരു വശം തോടാണ്. ഇതിന്‍റെ പകുതി ഭാഗം ചേര്‍ത്ത് കെട്ടി ബലപ്പെടുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്. മഴ പെയ്തു തോട്ടില്‍ വെള്ളം കയറിയതോടെ ഇവിടെ നിര്‍മ്മാണം മുടങ്ങിയതായിരുന്നു. പിന്നീടു വെള്ളം കുറഞ്ഞിട്ടും റോഡു നിര്‍മ്മാണം നിലച്ചിരിക്കുകയായിരുന്നു.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുരിതമായതോടെ പ്രതിഷേധം ഏറുകയായിരുന്നു. ഇതോടെ വശം കെട്ടി ബലപ്പെടുത്തിയ ഭാഗങ്ങളില്‍ ടാറിംങ് ചെയ്യാന്‍ അധികൃതര്‍ തീരുമാനം എടുക്കുകയായിരുന്നു. ഗാബിയോണ്‍ വലയില്‍ കല്ലടുക്കിയാണ് വശം കെട്ടി ബലപ്പെടുത്തുന്നത്. സ്ഥിരം വെള്ളം റോഡില്‍ കയറുന്ന ഭാഗമായ ഇവിടെ റോഡു നിര്‍മ്മിക്കുന്നത് വേണ്ടത്ര ഉയരമില്ലാതെയാണെന്ന പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കെ.എസ്.ടി.പി എഞ്ചിനീയര്‍ സ്ഥലത്തെത്തി പരിശോധന നടത്തി റോഡുയര്‍ത്തി നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്രയും ദൂരം കൂടി ടാറിംങ് പൂര്‍ത്തിയാവുന്നതോടെ യാത്രക്കാരുടെ ദുരിതത്തിനാണ് അറുതി ഉണ്ടാവുന്നത്.