സീതത്തോട് : അട്ടത്തോട് ഗവ എൽപി സ്കൂളിൽ മീൻ കുളത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. വരുന്ന മാസം പദ്ധതി ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഫിഷറീസ് വകുപ്പും പെരുനാട് പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിൽ പഠിക്കുന്ന ആദിവാസി കുട്ടികൾക്കു പോഷകാഹാരത്തോടു കൂടിയ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.60000 ലീറ്റർ ശേഷിയുള്ള മൂന്ന് കുളങ്ങളിലാണ് മീനുകളെ വളർത്തുക. ബയോഫ്ലോക് സംവിധാനങ്ങളോടു കൂടിയാണ് കുളത്തിന്റെ നിർമാണം. സബ് സിഡി അടക്കം ഏകദേശം ഏഴര ലക്ഷത്തോളം രൂപയാണ് വിനിയോഗിക്കുക. ഇടനിലക്കാരെ ഒഴിവാക്കി സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിലാണ് കുളം നിർമാണം.
വരാൽ, വാള, ഗിഫ്റ്റ് ഫിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് വളർത്തുക. ഓരോ കുളത്തിലും1000 മത്സ്യ കുഞ്ഞുങ്ങളെ വീതം ഇടാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ വളർച്ചയ്ക്കു ആവശ്യമായ തീറ്റ ഫിഷറീസ് നൽകും. മീൻ കുളത്തിന്റെ അവശേഷിച്ച ജോലികളായ മേൽക്കൂരയും ചുറ്റുമതിലും വരും ദിവസം പൂർത്തിയാക്കുമെന്ന് പ്രധാനധ്യാപകർ ബിജു തോമസ് അമ്പൂരി പറഞ്ഞു. ശബരിമല വനത്തിലെ ആദിവാസി വിഭാഗത്തിലുള്ള കുട്ടികളാണ് സ്കൂളിലെ വിദ്യാർഥികൾ. നിലയ്ക്കൽ പെട്രോൾ പമ്പിനു മുന്നിൽ പുതിയതായി നിർമിച്ച കെട്ടിടത്തിലാണ് ഈ അധ്യയന വർഷം മുതൽ സ്കൂളിന്റെ പ്രവർത്തനം.