കൈതപ്പറമ്പ് : കുടുംബാരോഗ്യകേന്ദ്രത്തിന്റെ പാതിയിൽ നിർത്തിയ പുതിയ കെട്ടിടത്തിന്റെ പണി രണ്ടുവർഷമായിട്ടും പുന:രാരംഭിച്ചില്ല. 25 ലക്ഷം രൂപ വകയിരുത്തി പണി തുടങ്ങിയ കെട്ടിടമാണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. ഏഴംകുളം പഞ്ചായത്തിന്റെ കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ ലാബിന് വേണ്ടിയായിരുന്നു കെട്ടിടംപണി തുടങ്ങിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എംഎൽഎ ഫണ്ടിൽനിന്നാണ് 25 ലക്ഷം രൂപ അനുവദിച്ചത്. വാർക്കൽ വരെയുള്ള പണികളും പൂർത്തിയായശേഷമാണ് പണി നിർത്തിയത്. ഇത്രയും പണി കഴിഞ്ഞപ്പോൾ അനുവദിച്ച തുക തീർന്നെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്.
മണ്ണിന് വേണ്ടത്ര ഉറപ്പില്ലാത്തതിനാൽ അടിത്തറ നിർമാണത്തിന് പ്രതീക്ഷിച്ചതിലും ചെലവ് വന്നെന്നാണ് കാരണമായി പറയുന്നത്. തുടർജോലികൾക്ക് കൂടുതൽ തുക ആവശ്യമായതായി പറയുന്നു. പണി പൂർത്തീകരിക്കാൻ ആവശ്യമായ തുക ഉടൻ അനുവദിക്കാനുള്ള നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. നിലവിൽ പണി പൂർത്തിയായ കെട്ടിടം പായലും കാടും കയറി നശിക്കുകയാണ്. കമ്പികൾ തുരുമ്പ് പിടിച്ചു തുടങ്ങി.