തിരുവനന്തപുരം : കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ കൊച്ചിയിലെ ‘മറൈൻ എക്കോ സിറ്റി’യുടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. നിയമസഭാ മന്ദിരത്തിൽ ചേർന്ന പദ്ധതി പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമാനുസൃതമായ തടസ്സങ്ങൾ നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തിയാക്കും. കേന്ദ്രത്തിൽ നിന്നുള്ള വിവിധ അനുമതി പത്രങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തീരദേശ നിയന്ത്രണ മേഖലയുമായി ബന്ധപ്പെട്ട ക്ലിയറൻസ് ലഭിച്ചു. പ്രീ സർട്ടിഫിക്കേഷൻ പൂർത്തിയാക്കി. 3 – സ്റ്റാർ സർട്ടിഫിക്കേഷൻ ലഭ്യമായി. എയർപോർട്ട് എൻഒസി, ഫയർഫോഴ്സ് എൻഒസി, പാരിസ്ഥിതിക അനുമതി തുടങ്ങിവ ഉറപ്പാക്കിയിട്ടുണ്ട്.
മറൈൻ സിറ്റിയുടെ പുതുക്കിയ രൂപരേഖയും എസ്റ്റിമേറ്റും നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ (എൻബിസിസി) വിദഗ്ധ പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണത്തിൻ്റെ ടെണ്ടർ നടപടികളും എൻബിസിസി ഉദ്യോഗസ്ഥർ വിവരിച്ചു. 486.38 കോടി രൂപയായിരുന്നു പദ്ധതി തുക. റായ്പുർ കേന്ദ്രമായ ഡീ വീ പ്രൊജക്ട്സ് ലിമിറ്റഡ് (ഡീവീപിഎൽ) 460.60 കോടിയും ഡൽഹി ആസ്ഥാനമായ സ്വദേശി സിവിൽ ഇൻഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 506.72 കോടിയും ആണ് ക്വാട്ട് ചെയ്തത്. ടെണ്ടർ തുകയേക്കാൾ 5.3 ശതമാനം കുറവാണ് ഡീവീപിഎല്ലിൻ്റേത്. നിർമ്മാണ കരാർ ഇവർക്ക് നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേർഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിക്കും. ഏകദേശം 2,399 കോടി രൂപ ആകെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മറൈൻ എക്കോ സിറ്റിയുടെ വിപണന മൂല്യം 3,570 കോടി രൂപയാണ്. 2,47,000 ച. അടി വിസ്തീർണമുള്ള വാണിജ്യ സമുച്ചയം 85,651 ച. അടി വിസ്തീർണമുള്ള കൺവൻഷൻ സെന്ററും 40 അതിഥി മുറികളുള്ള ഹോട്ടലും ഭവന നിർമ്മാണ ബോർഡിന് സ്വന്തമായി ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ഇവയ്ക്കു പുറമെ ആഡംബര ഹരിത പാർപ്പിട സമുച്ചയങ്ങളിൽ 3 ബിഎച്ച്കെ, 4 ബിഎച്ച്കെ ഫ്ലാറ്റുകളുണ്ടാകും. ആദ്യ ഘട്ടത്തിൽ 25 നിലകളിലായി 152 ഫ്ലാറ്റുകളാണ് നിർമ്മിക്കുന്നത്. ഇതിൽ മൂന്ന് നിലകൾ വാഹന പാർക്കിങ്ങിനുള്ളതാണ്. ക്ലബ് ഹൗസ്, സിമ്മിംഗ് പൂൾ, ജിം, ഓഫീസ് ഇടങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ടാകും.