കോന്നി : കോന്നിയിൽ ജന പ്രതിനിധിയുടെയും ഉദ്യോഗസ്ഥരുടെയും നിർദേശത്തിന് വില നൽകാതെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങൾ കരാർ കമ്പനിക്കാർ വൈകിപ്പിക്കുന്നു. കോന്നി എം എൽ എ കെ യു ജനീഷ് കുമാർ അധ്യക്ഷനായി ചേർന്ന കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ ജൂലൈ പതിനഞ്ചിനകം കോന്നി റീച്ചിലെ കലുങ്കുകൾ അടക്കം നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കുമെന്നും അല്ലാത്ത പക്ഷം കരാറുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം നിർമ്മാണം പൂർത്തീകരിച്ചില്ലെന്നു മാത്രമല്ല നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും ഇഴയുകയും ചെയ്തിരുന്നു.
കോന്നി മാരൂർ പാലം, സെൻട്രൽ ജംഗ്ഷൻ, ചൈന മുക്ക് എന്നിവിടങ്ങളിൽ കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് കുഴിച്ച് ഇട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. കോന്നി തണ്ണിത്തോട്, കുമ്പഴ, കോന്നി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് തിരിയുന്ന ബസുകൾ ഇവിടെ നിന്നാണ് തിരിഞ്ഞ് പോകുന്നത് എന്നാൽ സെൻട്രൽ ജംഗ്ഷൻ കുഴിച്ച് ഇട്ടിരിക്കുന്നതിനാൽ വളരെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇത് പരിഹരിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. കോന്നി, മാരൂർ പാലത്തും സ്ഥിതി വ്യത്യസ്തമല്ല.
മാരൂർ പാലം ഒരു ഭാഗം പൊളിച്ചിട്ടിരിക്കുന്നതിനാൽ ഒരു ഭാഗത്ത് കൂടി മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നത്. ഇത് മൂലം എലിയറക്കൽ മുതൽ കോന്നി കെ എസ് ആർ ടി സി സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ രാവിലെ മുതൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. പലപ്പോഴും വാഹനങ്ങൾ വഴി തിരിച്ചുവിടാൻ നിയോഗിച്ചിരിക്കുന്നവർ ഒരു ഭാഗത്ത് കൂടി മാത്രം വാഹനം കടത്തി വിടുന്നതും മറു ഭാഗത്തെ വാഹനങ്ങൾ വിടാതെ ഇരിക്കുന്നതും നിരവധി തവണ നാട്ടുകാരുമായി വാക്കേറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല ചൈന മുക്ക് അടക്കമുള്ള ഭാഗത്ത് റോഡ് വെട്ടി പൊളിച്ച് ഇട്ടത് പൂർവ സ്ഥിതിയിൽ ആകാത്തത് മൂലം വലിയ ബുദ്ധിമുട്ടിലാണ് യാത്രക്കാർ. കൂടാതെ ഓടകളുടെ നിർമ്മാണം പൂർത്തിയാക്കാത്തതും കോന്നിയിലെ റോഡുകളെ ചെളിക്കുഴിയാക്കി മാറ്റുന്നുണ്ട്.