റാന്നി: റാന്നി താലൂക്ക് ആശുപത്രിയുടെ നിർമ്മാണം ധ്രുതഗതിയിൽ പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നേരിട്ട് സന്ദർശിച്ചു വിലയിരുത്തി. പുതിയ കെട്ടിടത്തിന്റെ അടിത്തറ നിർമ്മിക്കുന്നതിനായി മണ്ണ് നീക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിലവിലെ ലെവലിൽ നിന്നും 7 അടിയോളം താഴ്ചയിൽ മണ്ണ് നീക്കേണ്ടതുണ്ട്. മൂന്ന് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന് 17000 ച. അടിയാണ് വിസ്തീർണ്ണം. 7 നിലകൾ നിർമ്മിക്കാൻ കഴിയുന്ന അടിത്തറയാണ് നിർമ്മിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പു നടപടികൾ നീണ്ടതോടെ നിർമ്മാണം വൈകി.
പുതിയ കെട്ടിടം നിർമ്മിക്കുന്നതോടെ റാന്നി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യത്തിൽ വൻ വികസനമാകും ഉണ്ടാവുക. രോഗികൾക്കുള്ള വാർഡുകൾ, പ്രത്യേകം കിടക്ക മുറികൾ, പരിശോധനാ മുറികൾ, ലാബുകൾ, ഓപ്പറേഷൻ തീയേറ്റർ, ലിഫ്സ്റ്റ് സൗകര്യം, ഇലക്ട്രിക് സബ് സ്റ്റേഷൻ, പമ്പ് റൂം , എക്സ-റേ, സിടി സ്കാൻ, പാലിയേറ്റീവ് കെയർ, രോഗികൾക്ക് വിശ്രമിക്കാനുള്ള മുറി, ഫിസിയോതെറാപ്പി, ദന്ത പരിശോധനാ വിഭാഗം, എന്നിവയ്ക്കുള്ള സജീകരണങ്ങളും ഈ കെട്ടിടത്തിൽ ഉൾപ്പെടുത്താൻ സാധിക്കും. കിഫ്ബി വഴി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 15.60 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇതിൽ ആശുപത്രിക്ക് പുതിയ സ്ഥലം വാങ്ങുന്നതിനായി 3.73 കോടി രൂപയും ചിലവഴിച്ചിരുന്നു. 56 സെൻറ് സ്ഥലമാണ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുത്തത്.
നിലവിൽ റാന്നി താലൂക്ക് ആശുപത്രിക്ക് 4 നിലകൾ വീതമുള്ള രണ്ട് ബ്ലോക്ക് കെട്ടിടങ്ങളാണ് ഉള്ളത്. രോഗികൾക്കുള്ള വാർഡുകളും ശബരിമല സ്പെഷ്യൽ വാർഡുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ ഡി -അഡിക്ഷൻ സെൻറർ പ്രവർത്തിക്കുന്നത് റാന്നി താലൂക്ക് ആശുപത്രി കെട്ടിടത്തിലാണ്.
മലയോരമേഖലയിലെ പാവപ്പെട്ടവരുടെ ആശ്വാസ കേന്ദ്രമായ റാന്നി താലൂക്ക് ആശുപത്രി ശബരിമലയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രി എന്ന പ്രത്യേകതയുമുണ്ട്. ദിവസേന ആയിരക്കണക്കിന് രോഗികളാണ് ഇവിടെ എത്തി ചികിത്സ നേടി പോകുന്നത്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടെ ആശുപത്രിയിലെ ചികിത്സ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആകുമെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.