കോട്ടയ്ക്കൽ: ആറുവരിപ്പാതയുടെ നിർമാണം ജില്ലയിൽ അന്തിമഘട്ടത്തിലേക്ക്. സർവീസ് റോഡുകൾ ഒഴികെയുള്ള പാതയുടെ നിർമാണം ഈ മാസം 31-നു പൂർത്തിയാക്കുമെന്ന് ദേശീയപാതാവിഭാഗം ലെയ്‌സൺ ഓഫീസർ പി.പി.എം. അഷ്‌റഫ് ‘മാതൃഭൂമി’യോടുപറഞ്ഞു. കരാർ ഏറ്റെടുത്ത കെഎൻആർസിഎൽ അതിവേഗ ജോലികളിലാണ്. ജില്ലയിൽ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാടുവരെയുള്ള 77 കിലോമീറ്ററിൽ കുറച്ചുസ്ഥലങ്ങളിലൊഴികെ മറ്റെല്ലായിടത്തും പണിതീർന്ന പ്രധാന പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ ബ്രിഡ്ജ്, പോലീസ്‌സ്റ്റേഷൻ പരിസരം, അയങ്കലം ക്യാമ്പ് പ്രദേശം, കൊളപ്പുറത്തിനും കക്കാടിനുമിടയിൽ കൂരിയാട്ടെ കുറച്ചുഭാഗം എന്നിവിടങ്ങളിൽ മാത്രമാണ് പ്രധാനപാത ഇനി തുറക്കാനുള്ളത്. ഇവിടങ്ങളിൽ 93 ശതമാനം ജോലികൾ പൂർത്തിയായി.പാലച്ചിറമാട്ടെ വയഡക്ടിന്റെ പകുതിയോളം ഗതാഗതത്തിനു തുറന്നു. വളാഞ്ചേരിയിലെ വയഡക്ട് ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗതത്തിനു സജ്ജമാകും. പാതയിലെ വൈദ്യുതിവിളക്കുകൾ ചാർജ് ചെയ്യുന്നതു സംബന്ധിച്ച നടപടിക്രമങ്ങളും നടക്കുന്നു. ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ ഒന്നരക്കിലോമീറ്റർ ഇടവേളകളിൽ സ്ഥാപിച്ച ക്യാമറകൾ സൗരോർജമുപയോഗിച്ച് പ്രവർത്തിക്കുന്നതായതിനാൽ ഇതിന് വൈദ്യുതി ആവശ്യവുമില്ല.
പാതയിൽ കഫേകൾ ഉണ്ടാകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രധാനപാതയിൽനിന്ന് പുറത്തേക്ക് വഴിയുള്ളിടത്തെ പുറമ്പോക്കുകളിൽ കഫേയ്ക്കും പാർക്കിങ് ഏരിയായ്ക്കുമുള്ള സൗകര്യങ്ങൾ പരിശോധിക്കുകയാണ്. ഇതിനായി ഇനി സ്ഥലമേറ്റെടുക്കില്ല. രണ്ട് റീച്ചുകളിലായി ജില്ലയിൽ 103 ഇടങ്ങളിലാകും അകത്തേക്കും പുറത്തേക്കും (എൻട്രൻസും എക്സിറ്റും) കടക്കാനുള്ള വഴികൾ. സർവീസ് റോഡുകളുടെ അവസാനവട്ട ജോലികളാണ് മാർച്ച് 31-നുശേഷം ബാക്കിയാവുക.പുത്തനത്താണി, കൊളപ്പുറം, താഴെച്ചേളാരി എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കൊഴിവാക്കാനുള്ള വികസനപ്രവർത്തനങ്ങൾ ഭൂമിയേറ്റെടുക്കുന്നമുറയ്ക്ക് നടക്കും. ഇതുപക്ഷേ, പ്രധാന പാതയിലെ ഗതാഗതത്തെ ബാധിക്കില്ല. പാതയുടെ ഔദ്യോഗിക ഉദ്ഘാടനം സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ലെന്നും പി.പി.എം. അഷ്‌റഫ് പറഞ്ഞു.