കറ്റാനം : ഇലിപ്പക്കുളം നാമ്പുകുളം ആധുനിക നീന്തൽ പരിശീലനകേന്ദ്രത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചിട്ട് ഒൻപതരവർഷം. ജില്ലയിലെ നീന്തൽ കായികതാരങ്ങൾക്ക് പ്രതീക്ഷകൾ സമ്മാനിച്ച് 2014ൽ സി.കെ. സദാശിവൻ എം.എൽ.എ.യുടെ വികസനഫണ്ടിൽനിന്ന് 24 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക നീന്തൽക്കുളത്തിന്റെ നിർമാണം തുടങ്ങിയത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി ടെൻഡർചെയ്ത് കരാറുകാരനെ ഏൽപ്പിച്ചത്. നിലവിലുള്ള കുളത്തിന്റെ ആഴംകൂട്ടി വശങ്ങൾ കരിങ്കല്ല് കെട്ടി, ഗാലറി, പവിലിയൻ, ഡ്രസിങ് റൂം എന്നിവയുടെ നിർമാണം, ജലനിർഗമനത്തിന് ഓട നിർമാണം തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ കുളത്തിന്റെ ആഴംകൂട്ടലും വശങ്ങൾ കരിങ്കല്ലുകെട്ടലും പവിലിയനുവേണ്ടി ഏതാനും സിമന്റ് ബഞ്ചുകളുടെ നിർമാണവും മാത്രമാണു നടന്നത്. ഇതിനു പാർട്ട് ബിൽ തുകയായി പതിനൊന്ന് ലക്ഷത്തോളം രൂപ കരാറുകാരൻ കൈപ്പറ്റുകയും ചെയ്തു. കാലാവധി കഴിഞ്ഞിട്ടും നീന്തൽക്കുളം നിർമാണം പൂർത്തീകരിക്കാൻ കരാരുകാരന് കഴിഞ്ഞില്ല. നിർമാണത്തിനായി കൊണ്ടുവന്ന സാധനസാമഗ്രികളുടെ അവശിഷ്ടങ്ങൾ വീണും പായൽവളർന്നും കുളംമലിനമായിട്ടു വർഷങ്ങളായി. കൂടാതെ. വടക്കുഭാഗത്തുള്ള റോഡിന്റെ വശത്തെ മൺതിട്ടയിടിഞ്ഞ് കുളത്തിലേക്കുവീണ നിലയിലാണ്.