ഓതറ : ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമാണം മുടങ്ങി. ഈ വർഷം ജനുവരിയിൽ മന്ത്രി ശിലാസ്ഥാപനം നടത്തി നിർമാണം തുടങ്ങിയെങ്കിലും അടിത്തറ കെട്ടുന്നതിനുള്ള ജോലി തുടങ്ങുന്നതിനു മുൻപേ പണികൾ നിന്നു. നിർമാണം കരാറെടുത്ത കമ്പനിയുടെ ഭാഗത്തു നിന്നുള്ള പിഴവാണു കാരണം. ഇതോടെ യുപി ആസ്ഥാനമായ കമ്പനിയെ ഒഴിവാക്കി. പുതിയ കരാർ വിളിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. ആശുപത്രിയുടെ പ്രവർത്തനം ഇപ്പോൾ വാടകക്കെട്ടിടത്തിലാണ്.
പുതിയ ഒപി കെട്ടിടം നിർമിക്കുന്നതിന് 2023–24 വർഷത്തെ ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 1.43 കോടി രൂപയാണ് അനുവദിച്ചത്. ഇതിനായി പഴയ കെട്ടിടം പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ നിർമാണം ഏറ്റെടുത്തത് ഉത്തർപ്രദേശ് ആസ്ഥാനമായ കമ്പനിയാണ്. ഇവർ കെട്ടിടത്തിന്റെ അടിത്തറ കെട്ടുന്ന ജോലി പ്രാദേശികമായി ഉപകരാർ നൽകിയിരുന്നു. ഇവർക്കു പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണു നിർമാണം നടക്കാതിരിക്കാൻ കാരണമെന്ന് അറിയുന്നു. ഇതോടെയാണ് ആരോഗ്യ വകുപ്പ് കരാർ കമ്പനിയെ ഒഴിവാക്കാനും പുതിയ കരാർ ക്ഷണിക്കാനുള്ള തീരുമാനം എടുത്തത്.