തിരുവല്ല : നിരണത്ത് മുടങ്ങിക്കിടന്ന പഞ്ചായത്ത് ആസ്ഥാനമന്ദിരത്തിന്റെ പണി തുടങ്ങി. രണ്ട് ഘട്ടത്തിലായി അനുവദിച്ച 1.55 കോടി രൂപയുടെ അടങ്കലിലാണ് പണി. 2016-ൽ 95 ലക്ഷം രൂപ ആദ്യം അനുവദിച്ചിരുന്നു. വെള്ളപ്പൊക്കമടക്കം വിവിധ കാരണങ്ങളാൽ പണി നീണ്ടു. നേരത്തേ ഉണ്ടായിരുന്ന പഞ്ചായത്ത് കെട്ടിടത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ടായിരുന്നു. ബലക്ഷയംവന്നതോടെ പുതിയ കെട്ടിടം പണിയാൻ എംഎൽഎ ഫണ്ടിൽനിന്നും മാത്യു ടി. തോമസ് 2016-ൽ 95 ലക്ഷം രൂപ അനുവദിച്ചു. പണിതുടങ്ങുന്നതിന് മുമ്പ് 2018-ൽ പ്രളയമെത്തി. പഴയകെട്ടിടമാകെ പ്രളയത്തിൽ മുങ്ങി. കൂടുതൽ ബലക്ഷയത്തിലായ കെട്ടിടത്തിൽനിന്നും പഞ്ചായത്തിന്റെ ശിശുവിഹാറിലേക്ക് ഓഫീസ് പ്രവർത്തനം മാറ്റി.
രണ്ട് വർഷമായി ശിശുവിഹാർ കെട്ടിടവും ബലക്ഷയം നേരിടുന്നുവെന്ന് എൻജിനിയറിങ് വിഭാഗം റിപ്പോർട്ട് നൽകി. പഴയ പദ്ധതിപ്രകാരം രണ്ടുനില കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി.
വെള്ളപ്പൊക്കമേഖലയായതിനാൽ പഞ്ചായത്ത് ഓഫീസ് ദുരിതാശ്വാസക്യാമ്പായി പ്രവർത്തിപ്പിക്കാനുള്ള സൗകര്യംകൂടി വേണമെന്ന ആവശ്യം ഉയർന്നു. മുകളിൽ ഒരു നിലകൂടി പണിത് ഷെൽട്ടറാക്കാൻ പദ്ധതി ഇട്ടു. 2020-21-ൽ 60 ലക്ഷം രൂപകൂടി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ചു. പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള കാലതാമസമടക്കം ഒട്ടേറെ കാരണങ്ങളാൽ നിർമാണം വീണ്ടും നീണ്ടു. തടസ്സങ്ങൾ ഒന്നൊന്നായി നീക്കി 2023 അവസാനം ഹാബിറ്റാറ്റിനെ കെട്ടിടം പണി ഏല്പിച്ചു. ആറ് മാസംമുമ്പ് ഹാബിറ്റാറ്റ് പൈലിങ് തുടങ്ങി. കഴിഞ്ഞദിവസം അടിത്തറ നിർമാണവും ആരംഭിച്ചു. ഇതിനിടെ കൂലിച്ചെലവ് മാറുകയും എസ്റ്റിമേറ്റ് പുതുക്കുകയുംചെയ്തു.മൂന്നാംനിലയും ഷെൽട്ടറും തത്കാലം ഉപേക്ഷിച്ചു. രണ്ട് നില മാത്രമാണ് ഇപ്പോൾ പണിയുക. താഴത്തെ നിലയിൽ ഓഫീസ്, പ്രസിഡന്റിന്റെയും സ്ഥിരം സമിതി അംഗങ്ങളുടെയും മുറികൾ, ഫ്രണ്ട് ഓഫീസ് എന്നിവയും മുകളിലത്തെനിലയിൽ സെക്രട്ടറിയുടെ ഓഫീസ്, എൻജിനിയറിങ് ഓഫീസ്, കമ്മിറ്റി ഹാൾ തുടങ്ങിയവയും ഉണ്ടാകും. ആറ് മാസത്തിനകം കെട്ടിടം പണി പൂർത്തീകരിക്കുമെന്നാണ് ഹാബിറ്റാറ്റ് അധികൃതർ പഞ്ചായത്തിനെ അറിയിച്ചിരിക്കുന്നത്.