കോന്നി: മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് നടക്കുന്ന ടൂറിസ്റ്റ് അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ സ്വാഭാവിക ഭംഗി നശിപ്പിച്ചു കൊണ്ടാണ് നടക്കുന്നതെന്ന് വിനോദ സഞ്ചാരികള്‍. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമായി സ്ഥലം ഒരുക്കുകയും സംരക്ഷണ മതില്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് നടന്നുവരുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വെള്ളച്ചാട്ടത്തിന് സ്വാഭാവിക ഭംഗി നല്‍കിയിരുന്ന സമീപത്തെ പാറകള്‍ പൂര്‍ണ്ണമായി പൊട്ടിച്ച് മാറ്റിയിട്ടുണ്ട്. ഈ പാറ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ പാറ വാങ്ങുന്നത് ഉള്‍പ്പെടെ ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് തുക അനുവദിച്ചത്.
കേന്ദ്ര ധനകാര്യ കമ്മീഷന്‍ ശുചിത്വ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുവാന്‍ അനുവദിച്ച തുകയില്‍ പത്ത് ലക്ഷം രൂപയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വിനിയോഗിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിന് സമീപത്ത് സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ ഭൂമിയിലെ പാറയാണ് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി പൊട്ടിച്ച് മാറ്റിയത്. മണ്ണീറ വെള്ളച്ചാട്ടം ഒഴുകുന്ന തോട്ടിലെ പാറയും സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന്റെ പേരില്‍ പൊട്ടിച്ച് മാറ്റിയിരുന്നു. പാറ പൊട്ടിക്കുന്നതിന് യാതൊരു വിധ അനുമതികളും നല്‍കാത്ത തണ്ണിത്തോട് പഞ്ചായത്തില്‍ ആണ് ഇത്തരത്തില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനം എന്നതും ശ്രദ്ധേയമാണ്. മണ്ണീറ വെള്ളച്ചാട്ടത്തിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്തി വെള്ളച്ചാട്ടത്തില്‍ വിനോദ സഞ്ചാര കേന്ദ്രം ഒരുക്കണം എന്നാണ് വിനോദ സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്.