റാന്നി: എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വെച്ചൂച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, കൊറ്റനാട് പ്രൈമറി ഹെൽത്ത് സെൻറർ എന്നിവയുടെ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 24 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. വെച്ചൂച്ചിറയിൽ പകൽ 2 നും കൊറ്റനാട് പകൽ 2.45 നുമാണ് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുക. യോഗത്തിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും. കിഴക്കൻ മലയോര മേഖലയിലെ ഏക സർക്കാർ ചികിത്സാ കേന്ദ്രമായ വെച്ചൂച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 95 ലക്ഷം രൂപയാണ് ചിലവഴിക്കുക.
3000 ച അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് ഇവിടെ നിർമ്മിക്കുക. തോട്ടം തൊഴിലാളികളും പാവപ്പെട്ട പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗങ്ങളും ഏറെ താമസിക്കുന്ന വെച്ചൂച്ചിറയിൽ സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ വികസനം പാവപ്പെട്ടവർക്ക് ഏറെ പ്രയോജനപ്പെടും. കൊറ്റനാട് പ്രൈമറി ഹെൽത്ത് സെൻറർ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 90 ലക്ഷം രൂപയാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിലൂടെ ചിലവഴിക്കുന്നത്. 2800 ചതുരശ്ര അടി വിസ്തീർണ്ണം വരുന്ന പുതിയ കെട്ടിടമാണ് നിർമിക്കുക. ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ മികച്ച സേവനം ഉറപ്പാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.