കോന്നി : പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതു നിരത്തില്‍ ഉപേക്ഷിക്കുന്ന നിര്‍മ്മാണ അവശിഷ്ടങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കോന്നി മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗത്ത് ഓടയുടെയും മറ്റും നിര്‍മ്മാണങ്ങളുടെ ഭാഗമായി മണ്ണും കല്ലും വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്കാണ് തള്ളുന്നത്. ബസ് യാത്രക്കാര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം ബസില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ കോന്നി വി എന്‍ എസ് കോളേജ് അദ്ധ്യാപിക ഇത്തരത്തില്‍ റോഡിലേക്ക് ഉപേക്ഷിച്ച കല്ലില്‍ തട്ടി വീഴുകയും കാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാര്‍ക്ക കമ്പികള്‍ അടക്കം വലിയ കല്ലുകളും ഇത്തരത്തില്‍ ഉപേക്ഷിക്കുന്നത് മൂലം ഇത് വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ട്. ഇത്തരത്തില്‍ റോഡിലേക്ക് ഉപേക്ഷിക്കുന്ന ചരലുകളില്‍ തെന്നി നീങ്ങി വാഹനങ്ങള്‍ മറിയുന്നതും പതിവ് കാഴ്ച്ചയാണ്.