പുളിക്കീഴ് : ജില്ലയിൽ തെരുവുനായശല്യം രൂക്ഷമാകുന്നതിനാൽ ജനങ്ങളിൽനിന്ന് ശക്തമായ പ്രതിഷേധമുയർന്നതോടെ പുളിക്കീഴിൽ നിർമിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എബിസി) സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. ഓഗസ്റ്റ് പകുതിയോടെ കെട്ടിടനിർമാണം പൂർത്തിയാക്കാനാകുമെന്നും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതിനുശേഷം സെപ്റ്റംബർ പകുതിയോടെ പ്രവർത്തനം ആരംഭിക്കാനാകുമെന്നും അവലോകനയോഗം വിലയിരുത്തി. പദ്ധതി ജില്ലാ പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവർ ചേർന്നാണ് നടപ്പാക്കുന്നത്. പ്രതിദിനം 20 നായ്ക്കൾക്ക് വന്ധ്യംകരണം നടത്താൻ കഴിയുന്ന രീതിയിലാണ് സെന്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നായ്ക്കളുടെ ശസ്ത്രക്രിയയ്ക്കുമുമ്പും ശേഷവും പാർപ്പിടമായി ഉപയോഗിക്കാൻ 35 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ഷെൽട്ടർ ഹോമിന്റെ നിർമാണം ഓഗസ്റ്റ് അവസാനം പൂർത്തിയാകുമെന്നുമാണ് പ്രതീക്ഷ.
ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ, ഫർണിച്ചർ, മരുന്നുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ ജില്ലാ വെറ്ററിനറി ഓഫീസറുടെ ചുമതലയിലുള്ള ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജെ. ഹരികുമാർ അവലോകന യോഗത്തിൽ അറിയിച്ചു. നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്കും ഫർണിച്ചറിനുമായി 10 ലക്ഷം രൂപ അധികമായി വേണ്ടിവരുമെന്നും യോഗത്തിൽ ചർച്ചയായി. ഈ തുക ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിക്കാമെന്ന് പ്രസിഡന്റ് ജോർജ് ഏബ്രഹാം അറിയിച്ചു. അവലോകനയോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം മായാ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു, വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷർഹിള ബീഗം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ എം.സി. ജയചന്ദ്രൻ, അസിസ്റ്റന്റ് എൻജിനീയർമാരായ വിജയകൃഷ്ണൻ, സീമ എന്നിവരും പങ്കെടുത്തു.