കൊച്ചി : തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിയുടെ ബാഗുകളും മറ്റും ഇന്നു കസ്റ്റംസ് തുറന്നു പരിശോധിക്കും. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപ് 2020 ഏപ്രിലിൽ യുഎഇയിലേക്കു മടങ്ങിയ ജമാൽ അൽ സാബി പിന്നീടു കോൺസുലേറ്റിൽ തിരിച്ചെത്തിയിരുന്നില്ല.
ജമാൽ അൽ സാബി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു പരിശോധിക്കുക. ഇവ യുഎഇയിലെത്തിക്കാൻ അനുവദിക്കണമെന്നു ജമാൽ അൽ സാബി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഒരു ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ പരിശോധിക്കാതെ വിട്ടുകൊടുക്കാൻ പറ്റില്ലെന്നു കസ്റ്റംസ് കർശന നിലപാടെടുക്കുകയും കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. പരിശോധന വിഡിയോയിൽ പകർത്തുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
കോൺസൽ ജനറൽ ജമാൽ അൽ സാബി, അഡ്മിനിസ്ട്രേഷൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അൽ ഷെമേലി എന്നിവർ വൻതോതിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയിലേക്കു മാറ്റിയ ശേഷം വിദേശത്തേക്ക് ഒളിപ്പിച്ചു കടത്തിയതായി കരുതുന്നുവെന്നു ഡോളർ കടത്തു കേസിൽ കസ്റ്റംസ് പ്രിവന്റീവ് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. കോൺസൽ ജനറലിന്റെ രഹസ്യ പങ്കാളിയാണു ഖാലിദെന്നു സ്വപ്ന സുരേഷ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ സഹായത്തോടെ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 ലക്ഷം ഡോളർ മസ്കത്തു വഴി കെയ്റോയിലേക്കു കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും പ്രതിയാണ്. കോൺസൽ ജനറലിനെയും അഡ്മിനിസ്ട്രേഷൻ അറ്റാഷെയെയും കേസിൽ പ്രതി ചേർത്തിട്ടില്ല.