ന്യൂഡല്‍ഹി: വഡോദരയിലെ ഉപഭോക്തൃ കോടതിയുടെ വിധി രോഗികള്‍ക്ക് വലിയ ആശ്വാസം. മെഡിക്കല്‍ ഇന്‍ഷുറന്‍സ് കിട്ടാന്‍ ആശുപത്രി വാസം നിര്‍ബന്ധമല്ല. 24 മണിക്കൂര്‍ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തില്ലെന്ന പേരില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ ആവില്ലെന്നും കോടതി. മെഡിക്കല്‍ ഇന്‍ഷുറന്‍സിനോട് പലരും മുഖം തിരിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. കാലം മാറിയതോടെ, മിക്കവരും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധാലുക്കളാണ്. കോവിഡ് മഹാമാരി കൂടി വന്നതോടെ, കൂടുതല്‍ പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ തുടങ്ങി. നിലവിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാകും പെട്ടെന്ന് രോഗം വരിക. അപ്പോള്‍ ആശുപത്രി ചെലവിന് നെട്ടോട്ടം ഓടേണ്ടി വരും. തീര്‍ച്ചയായും അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് വലിയ സഹായം തന്നെയാണ്.
സാധാരണഗതിയില്‍, 24 മണിക്കൂര്‍ ആശുപത്രി വാസമാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിബന്ധന വയ്ക്കാറുള്ളത്. ഡെ കെയര്‍ സ്‌കീമിലുള്ള മെഡിക്കല്‍ സേവനങ്ങള്‍ ഈ പരിധിയില്‍ പെടുന്നില്ല. എന്നാല്‍, സാധാരണ കേസുകളില്‍, ആശുപത്രിയില്‍, ഒരുദിവസമെങ്കിലും കിടത്തി ചികിത്സ ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം തള്ളാറാണ് പതിവ്. ഈ പരിപാടി ഇനി നടപ്പില്ല. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ ആശുപത്രി വാസം ആവശ്യമില്ലെന്ന് വിധിച്ചിരിക്കുകയാണ് വഡോദരയിലെ ഒരു ഉപഭോക്തൃ കോടതി. ആശുപത്രിയില്‍ 24 മണിക്കൂര്‍ അഡ്‌മിറ്റ് ചെയ്തില്ലെങ്കിലും സാരമില്ല, രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം. വഡോദരക്കാരനായ രമേശ് ചന്ദ്ര ജോഷി, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്ബനിക്ക് എതിരെ 2017 ല്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
ഉപഭോക്തൃ ഫോറം വിധിയില്‍ പറയുന്നത്:
കാലം മാറിയപ്പോള്‍ പുതിയ സാങ്കേതിക വിദ്യകള്‍ വന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തന്നെ വളരെ വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യങ്ങളുണ്ട്. പുതിയ സാങ്കേതിക വിദ്യകള്‍ ഉള്ളതുകൊണ്ട് 24 മണിക്കൂര്‍ തികഞ്ഞില്ല, രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല തുടങ്ങിയ കാരണങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ക്ലെയിമുകള്‍ നിഷേധിക്കാന്‍ ആവില്ലെന്നാണ് വഡോദര ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.
പരാതിക്കാരനായ രമേഷ് ചന്ദ്ര ജോഷിക്ക് അദ്ദേഹത്തിന് അവകാശപ്പെട്ട 44,468 രൂപ നല്‍കാനും നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കോടതി ഉത്തരവ് നല്‍കി. കേസിന്റെ ചെലവായി 2000 രൂപയും, മാനസിക ക്ലേശത്തിന് 3000 രൂപയും പരാതിക്കാരന് നല്‍കാനും ഉത്തരവില്‍ പറയുന്നു. രമേഷ് ചന്ദ്ര ജോഷിയുടെ ഭാര്യക്ക് 2016 ലാണ് ഡെര്‍മാറ്റോ മയോസാറ്റിസ് രോഗം പിടിപെട്ടത്. അഹമ്മദാബാദിലെ ലൈഫ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ അവരെ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം പിറ്റേന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇന്‍ഷുറന്‍സ് കമ്ബനിയെ സമീപിച്ചപ്പോള്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ ആശുപത്രിയില്‍ അഡ്‌മിറ്റാക്കിയില്ല എന്ന കാരണം പറഞ്ഞ് ക്ലെയിം നിഷേധിച്ചു. ഉപഭോക്തൃ കോടതിക്ക് മുമ്പകെ പരാതിക്കാരന്‍ തന്റെ കൈയിലുള്ള തെളിവുകളെല്ലാം സമര്‍പ്പിച്ചു. 2016 നവംബര്‍ 24 ന് വൈകിട്ട് 5.38 നാണ് ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 25 ന് വൈകിട്ട് 6.30 ന് ആശുപത്രി വിട്ടു. ഇതിനെ തുടര്‍ന്നാണ് കോടതി പരിശോധിച്ച് അനുകൂല വിധി പുറപ്പെടുവിച്ചത്.