തൃശ്ശൂര്‍ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ എതിർ കക്ഷികൾക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ ഓട്ടുപാറ സ്വദേശി ഹർഷം വീട്ടിൽ കെ.ചന്ദ്രശേഖരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ സെന്റ് ജോർജ്ജ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ, തൃശൂർ വടക്കാഞ്ചേരിയിലെ എൽ ജി സർവ്വീസ് സെന്ററിന്റെ ഉടമ, കൊച്ചിയിലെ എൽ ജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായതു്. ടി വി യുടെ തകരാർ ആരോപിച്ച് ചന്ദ്രശേഖരൻ ഫയൽ ചെയ്ത ഹർജിയിൽ എൽ ജി ഇന്ത്യാ ഇലക്ട്രോണിക്സ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ ടി വി യുടെ വിലയായ 114000 രൂപ നല്‍കുന്നതിനും സെന്റ് ജോർജ്ജ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറും എൽ ജി സർവ്വീസ് സെന്റർ ഉടമയും ചേര്‍ന്ന് നഷ്ടപരിഹാരവും ചിലവിലേക്കുമായി 10000 രൂപയും നൽകുവാന്‍ വിധിയുണ്ടായിരുന്നു.
എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ചന്ദ്രശേഖരൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട്. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേന വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.