ശാസ്താംകോട്ട: ജലത്തിന്റെ ഉപഭോഗം തിന്മയാണെന്നും ഉത്തരവാദിത്തതോടെ ജലം ഉപയോഗിക്കുകയാണ് വേണ്ടതെന്നും ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷൻ പ്രസിഡൻറ് ഡോ. ജോസഫ് മാർ ദീവന്നാസിയോസ് പ്രസ്താവിച്ചു. പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി സൗഹൃദ ജീവിതത്തിന്റെയും ഭാഗമായി 50 നോമ്പ് ഹരിത നോമ്പായി ആചരിക്കുന്നതിന്റെ ഉദ്ഘാടനം കൊല്ലം പടിഞ്ഞാറേ കല്ലട സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ (കല്ലട വലിയ പള്ളി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രതിസന്ധികൾക്ക് ഭൗതിക പരിഹാരം മാത്രം പോര എന്നും ആത്മീയ ഉന്നതി ഉള്ളവർക്കേ സഹസൃഷ്ടികളെ കരുതാൻ കഴിയൂ എന്ന് അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മുഖ്യ സന്ദേശം നൽകി. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം ജോൺ സി ഡാനിയേൽ, ഇടവക വികാരി ഫാ. ഡാനിയൽ ജോർജ്, സഹവികാരി ഫാ. ജോൺ സാമുവേൽ, ഫാ.ഷിബു കോശി ഐസക്, ഫാ. ജോയിക്കുട്ടി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ജല സംരക്ഷണം എന്ന ആശയം മുൻനിർത്തി പ്രതീകാത്മകമായി കൽഭരണിയിൽ വെള്ളം നിറച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. നോമ്പിന്റെ ഏഴ് ആഴ്ചകളിലും പ്രസക്തമായ ഓരോ പ്രമേയങ്ങളെ മുൻനിർത്തി കർമ്മ പദ്ധതികൾ ഹരിത നോമ്പാചരണത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ജലസംരക്ഷണം, പരിസ്ഥിതി സന്തുലിതാവസ്ഥയുടെ പുതുക്കം, പ്രകൃതിയുടെ പങ്കുവെയ്ക്കൽ, മാലിന്യ ലഘൂകരണം, ഊർജ്ജ സംരക്ഷണം, സൃഷ്ടി പരിപാലനം, പരിസ്ഥിതി സൗഹൃദ ഗതാഗതം എന്നിവയാണ് പ്രമേയങ്ങൾ. ഇവ വിശദീകരിക്കുന്ന ലേഖുലേഖകൾ ഇടവകതലത്തിൽ വിശ്വാസികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.