പന്തളം : കരാറുകാരൻ ചതിച്ചു. കൗൺസിലർ സുമനസ്സുകളുടെ സഹായത്തോടുകൂടി റോഡ് റീ കോൺക്രീറ്റ് ചെയ്തു. ശ്രീഭദ്ര ഭഗവതി ക്ഷേത്ര ജംഗ്ഷനിലെ റീ കോൺക്രീറ്റ് പണിയാണ് കരാറുകാരൻ പറ്റിച്ചതിനെ തുടർന്ന് നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ സ്വന്തവും സുമനസ്സുകളുടെ ഉൾപ്പെടെയുള്ള വരുടെയും സഹായത്തോടെയും കോൺക്രീറ്റ് ചെയ്തത്. മാസങ്ങൾക്ക് മുൻപ് നഗരസഭയിൽ നിന്നും കരാർ ഏറ്റെടുത്ത വേണു എന്ന കരാറുകാരൻ അടുത്ത ദിവസങ്ങളിൽ പണി തുടങ്ങും എന്ന് പറഞ്ഞ് മാസങ്ങളോളം കബളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം നഗരസഭ അസിസ്റ്റൻറ് എഞ്ചിനീയറും കൗൺസിലറും കരാറുകാരനെ നേരിൽകണ്ട് പണി എത്രയും വേഗം തുടങ്ങണമെന്നും ഇല്ലെങ്കിൽ ഉയർന്ന ഓഫീസുകളിൽ പരാതി നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ കരാറുകാരൻ താൻ 30 വർഷം മുൻപ് കരാർ പണി തുടങ്ങിയതാണെന്നും താങ്കൾ ഒന്നും ചെയ്യുവാൻ ഇല്ലെന്നും പറഞ്ഞ് ഇറങ്ങി പോവുകയായിരുന്നു. തുടർന്ന് കൗൺസിലർ വീണ്ടും കരാറുകാരനെ നേരിൽ കണ്ട് പലപ്രാവശ്യം അഭ്യർത്ഥിക്കുകയും ഉടനെ ചെയ്യാം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയും ചെയ്തു.
അടുത്ത ദിവസങ്ങളിൽ കരണ്ടയിൽ ശ്രീഭദ്ര ഭഗവതി ക്ഷേത്രത്തിൽ ഉത്സവവും താലപ്പൊലിയും നടക്കുന്നതിനാൽ ഭക്തർ റോഡിൽ വീണ് അപകടം ഉണ്ടാകാതിരിക്കാനാണ് എത്രയും വേഗം തകർന്നടിഞ്ഞ ഭാഗം സ്വന്തം ചിലവിൽ കോൺക്രീറ്റ് ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കിയതെന്ന് കൗൺസിലർ പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളായ എ നൗഷാദ് റാവുത്തർ, ഇ എസ് നുജുമുദീൻ, പി പി ജോൺ, പി എസ് നീലകണ്ഠൻ, സുനിത വേണു, എസ് എം സുലൈമാൻ, കെ എൻ സുരേന്ദ്രൻ, പൊതുപ്രവർത്തകനായ സുനു സുകുമാരൻ തുടങ്ങിയവരും നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകി.