റാന്നി : അത്തിക്കയം പാലം നിർമ്മാണത്തില്‍ അനാസ്ഥ കാട്ടിയ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഒഴിവാക്കി പുതിയ ടെൻഡർ ചെയ്യണമെന്ന ആവശ്യവുമായി റാന്നി എംഎൽഎ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവരോടാണ് എംഎൽഎ ഇക്കാര്യം കത്തിലൂടെ ആവശ്യപ്പെട്ടത്. നാറാണംമൂഴി
ഗ്രാമപഞ്ചായത്തിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന അത്തിക്കയം – കടുമീൻചിറ റോഡിലെ അത്തിക്കയം പാലം അപകടാവസ്ഥയിലായി ജനജീവിതം ദുസ്സഹമായിട്ട് ഒരു വർഷമാകുന്നു. കരാർ ഏറ്റെടുത്ത അബ്ദുൽ റഷീദിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
ജില്ലാ കളക്ടറുടെ സാന്നിധ്യത്തിലും എംഎൽഎ എന്ന നിലയിൽ വിളിച്ചുചേർത്ത യോഗങ്ങളിലും നിർമ്മാണ ആരംഭിക്കുമെന്ന് പറഞ്ഞിട്ടും ഇതുവരെയും യാതൊരു നടപടിയും ആയിട്ടില്ല. സ്കൂളുകളും ആരാധനാലയങ്ങളും ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന റോഡിലേക്കുള്ള ഏകമാർഗ്ഗം ഈ പാലമാണ്. സാമ്പത്തിക പ്രയാസങ്ങൾ മൂലമാണ് പ്രവർത്തിക്കാൻ കഴിയാത്തതെന്ന് കോൺട്രാക്ടർ അറിയിച്ചതിനെ തുടർന്ന് റീബിൽഡ് കേരള വഴി ഇദ്ദേഹം ഹം ചെയ്തിരുന്ന പ്രവർത്തികളുടെ ബിൽ തുക 90 ലക്ഷത്തോളം രൂപ കഴിഞ്ഞദിവസം കൈമാറിയിരുന്നു. തുക ലഭിച്ചാൽ അത്തിക്കയം പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കുമെന്ന് ഉറപ്പിൻ മേൽ കൂടിയായിരുന്നു തുക കൈമാറിയത്. എന്നാൽ ഇത് ലഭിച്ചശേഷവും പ്രവർത്തിയാരംഭിക്കാൻ കരാറുകാരൻ തയ്യാറാകാതെ സർക്കാരിനെയും ജനങ്ങളെയും വെല്ലുവിളിക്കുന്ന ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നത്.
ഗവൺമെൻറ് നിർമ്മിതികൾ ഏറ്റെടുത്ത ശേഷം സർക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്ന ഈ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും റിസ്ക് & കോസ്റ്റിൽ കരാർ റദ്ദ് ചെയ്തു പുതിയ കരാർ വിളിച്ച് പാലത്തിൻ്റെ നിർമ്മാണം അതിവേഗം ആരംഭികുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.