ദില്ലി : ചോദ്യപ്പേപ്പറിലെ സ്ത്രീ വിരുദ്ധത വിവാദമായതോടെ ചോദ്യം പിൻവലിച്ച് സിബിഎസ്ഇ. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവർ പ്രതിഷേധിക്കുകയും സിബിഎസ്ഇ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ചോദ്യം പിൻവലിച്ചത്. ചോദ്യത്തിന്റെ മുഴുവൻ മാർക്കും നൽകുമെന്നും സിബിഎസ്ഇ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്നങ്ങൾക്ക് കാരണം എന്ന തരത്തിൽ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അത്തരം നിരീക്ഷണങ്ങളെ വിവരക്കേട് എന്നാണ് സോണിയ വിശേഷിപ്പിച്ചത്.