ലാത്തൂർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ലാത്തൂർ-ഔസ ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിലേക്ക് മനഃപൂർവം കാർ ഇടിച്ചുകയറ്റി അമ്മയെയും ആറു വയസ്സുകാരിയെയും കൊലപ്പെടുത്തി. സെപ്റ്റംബർ 29ന് വൈകുന്നേരമാണ് സംഭവം നടക്കുന്നത്. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന്റെ പേരിൽ കാറിലുള്ളവരുമായി ബൈക്ക് യാത്രികനായ സാദിഖ് ശൈഖ് എന്നയാൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാദിഖ് ശൈഖ്, ഭാര്യ ഇക്ര, മക്കളായ നാദിയ, അഹദ് എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്.
തർക്കത്തിനൊടുവിൽ കാർ ഡ്രൈവർ ശാന്തനാവുകയും കുടുംബത്തെ യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് തന്നെ അയാൾ അമിതവേഗത്തിൽ തന്റെ കാർ മനഃപൂർവ്വം ബൈക്കിനു പിന്നിൽ ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇക്ര ശൈഖും ആറുവയസ്സുകാരി മകൾ നാദിയയും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സാദിഖ് ശൈഖിനെയും മകൻ അഹദിനെയും ലാത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ ദിഗംബർ പട്ടോലെ, കൃഷ്ണ വാഗെ, ബസവരാജ് ധോത്രെ, മനോജ് മാനെ, മുദാമെ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.