മൈസൂരു: മൈസൂരു വിമാനത്താവളത്തിന് പേരിടുന്നതിനെ ചൊല്ലി വിവാദം കൊഴുക്കുന്നു. ബെളഗാവിയില്‍ നടന്ന നിയമസഭ ശൈത്യകാല സമ്മേളനത്തില്‍ ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും കോണ്‍ഗ്രസ് എം.എല്‍.എ പ്രസാദ് അബ്ബയ്യയും മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടണമെന്ന് ആവശ്യമുന്നയിച്ചതോടെയാണ് വിവാദത്തിന്റെ തുടക്കം. ഭവന-വഖഫ് മന്ത്രി ബി.ഇസെഡ്. സമീര്‍ അഹമ്മദ് ഖാൻ ഇതിനെ പിന്തുണച്ചു. എന്നാല്‍, ബി.ജെ.പി എം.എല്‍.എമാര്‍ ഒന്നടങ്കം എതിര്‍ത്തു. ടിപ്പുവിന്റെ പേര് ഏതെങ്കിലും പൊതുശൗചാലയത്തിനാണ് ഇടേണ്ടതെന്നായിരുന്നു വിദ്വേഷ പ്രചാരകനായ ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്നാലിന്റെ പ്രതികരണം. മൈസൂരു വിമാനത്താവളത്തിന് മൈസൂരുവിലെ ഭരണാധികാരിയായിരുന്ന നല്‍വാഡി കൃഷ്ണരാജ വഡിയാറുടെ പേര് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ക്ക് കര്‍ണാടകയിലെ ചരിത്രപുരുഷന്മാരുടെ പേര് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു സംഭവം. നാലു വിമാനത്താവളങ്ങളുടെ പേരുകള്‍ മാറ്റാൻ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയെങ്കിലും മൈസൂരു വിമാനത്താവളത്തിന്റെ കാര്യത്തില്‍ ചര്‍ച്ച ബഹളത്തിലാണ് കലാശിച്ചത്. മംഗളൂരു വിമാനത്താവളത്തിന് പേരിടുന്നത് സംബന്ധിച്ചും തീരുമാനമായില്ല. ടിപ്പു സുല്‍ത്താൻ ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും 4000 ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ബസനഗൗഡ പാട്ടീല്‍ പറഞ്ഞു. ടിപ്പു സുല്‍ത്താൻ സ്വാതന്ത്ര്യസമരസേനാനിയല്ല, ഒരു രാജാവുമാത്രമാണെന്ന് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ച ഒരു രക്തസാക്ഷിയാണ് ടിപ്പു സുല്‍ത്താനെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. അദ്ദേഹം ഒരു മതേതരവാദിയായിരുന്നു. രാഷ്ട്രീയലാഭത്തിനുവേണ്ടി ഹിന്ദുത്വ സംഘടനകള്‍ അദ്ദേഹത്തെ മതഭ്രാന്തനായി ചിത്രീകരിക്കുകയാണ്. ടിപ്പു ബ്രിട്ടീഷുകാരുമായാണ് പോരാടിയതെന്നും ഹിന്ദുക്കളെ കൊലപ്പെടുത്തുകയോ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.