പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ലാസ്സ് 4 ജീവനക്കാരുടെ സ്ഥാനക്കയറ്റത്തില്‍ വിവാദം. ഓവര്‍സിയര്‍ തസ്തികയിലെ നിയമനങ്ങളിൽ വകുപ്പിലെ മുൻഗണനാ പട്ടിക അട്ടിമറിച്ച് ക്രമക്കേട് നടന്നെന്നാണ് ആക്ഷേപം. 25 വര്‍ഷം സര്‍വീസുള്ള ക്ലാസ് 4 ജീവനക്കാര്‍ക്ക് ഓവര്‍സിയര്‍ 3 തസ്തികയിലെ ഒഴിവുകളിലേക്ക് മുൻഗണനയുണ്ട്. ഈ വർഷം ഫെബ്രുവരിയില്‍ ഈ മുന്‍ഗണന പട്ടിക ദേവസ്വം കമ്മിഷനർ പുറത്തിറക്കിയിട്ടുണ്ട്. ഇതു മറികടന്ന് വാച്ചർ, കഴകം, പാർടൈം തളി തുടങ്ങിയ തസ്തികകളിലെ സർവീസ് കുറഞ്ഞ 10 പേരെ ഓവർസീയറാക്കിയെന്നാണ് ആക്ഷേപം.
മരാമത്ത് വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനായി വാച്ചർ, കഴകം, പാർടൈം തളി തുടങ്ങിയ തസ്‌തികയിലുള്ള 10 ദേവസ്വം ജീവനക്കാരെയാണ് ചീഫ് എൻജിനീയർ കഴിഞ്ഞ 3ന് ഡ്യൂട്ടി വ്യവസ്ഥയിൽ മാറ്റി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഓവർസീയർ തസ്‌തികയിലെ 35 % ഒഴിവുകളിൽ മാറ്റി നിയമിക്കേണ്ടവരുടെ മുൻഗണനാ പട്ടിക കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് ദേവസ്വം കമ്മീഷണര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡിലെ ക്ലാസ് 4 ജീവനക്കാരിൽ നിന്ന് മരാമത്ത് വിഭാഗത്തിൽ ഓവർസീയറായി ഡ്യൂട്ടി വ്യവസ്ഥയിൽ മാറ്റി നിയമിച്ചതിനെതിരെ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര പ്രവീൺ പറഞ്ഞു . പട്ടിക നിലവിൽ ഉള്ളപ്പോൾ ഇഷ്ട്ടക്കാരെ മാറ്റി നിയമിച്ചത് ജീവനക്കാരോട് കാട്ടിയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.