ദില്ലി: നിര്‍ഭയ കേസിലെ നാലു പ്രതികളെയും ഇന്ന് പുലര്‍ച്ചെ കൃത്യം 5.30 ന് തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്. രാജ്യത്തെ ഒരോ മനാസാക്ഷിയുടെയും വിങ്ങലായി മാറിയ നിര്‍ഭയയ്ക്ക് നീതി കിട്ടി. ഒരു യുദ്ധം കഴിഞ്ഞ ആശ്വാസവുമായി ഒരു മാതൃഹൃദയം അല്ല കോടിക്കണക്കിന് മാതൃഹൃദയങ്ങള്‍. ഏഴു വര്‍ഷത്തെ തന്റെ പോരാട്ടങ്ങളുടെയും പ്രാര്‍ത്ഥനകളുടെ ഫലം തേടിയെത്തിയെന്ന് അമ്മ ആശാദേവി .
രാജ്യ തലസ്ഥാന നഗരിയെ ഇത്രത്തോളം പിടിച്ചുകുലുക്കിയ ഒരു സംഭവം രാജ്യത്ത് തന്നെ നടന്നിട്ടില്ലെന്ന് പറയാം. ഒരു സര്‍ക്കാരിനെ പോലും വലിച്ചു താഴെയിട്ട നിര്‍ഭയകേസ്. കൗമാരത്തെ അതിക്രൂരമായി കശാപ്പു ചെയ്ത കൊടുംകുറ്റവാളികള്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അവരാല്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. അവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന വക്കീല്‍ പ്രതികളെ തൂക്കിലേറ്റാന്‍ സമ്മതിക്കില്ലെന്ന് ഇരയുടെ കുടുംബത്തെ വെല്ലുവിളിച്ചു. അതിനൊക്കെ മുകളിലായി ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചു. കയറൂരാന്‍ പലപ്പോഴായി തടസ്സ ഹര്‍ജികളും നല്‍കി. ഒരു ഘട്ടത്തില്‍ എല്ലാവരുടെയും ക്ഷമ പരീക്ഷിക്കുന്നത് വരെയായി ഇത് തുടര്‍ന്നിരുന്നു. അതിനാണ് ഇപ്പോള്‍ പരിസമാപ്തി ഉണ്ടായിരിക്കുന്നത്.
രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച നിര്‍ഭയക്കേസ് മുന്നോട്ടു പോയതെങ്ങനെയെന്നു നമുക്കൊന്ന് പിന്നോട്ടു നോക്കാം…
2012 ഡിസംബര്‍ 16 ആ കറുത്ത ദിനം
2012 ഡിസംബര്‍ 16ന് 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദക്ഷിണ ദില്ലിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് അതിക്രൂരമായ പീഡനത്തിന് ഇരയാവുന്നു. ക്രൂരന്മാര്‍ ഉപേക്ഷിക്കപ്പെട്ട ജീവച്ഛവമായ പെണ്‍കുട്ടിയെ ദില്ലിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണത്തോട് മല്ലിട്ട പെണ്‍കുട്ടിയെ പിന്നീട് സിംഗപ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവള്‍ മോഹങ്ങളും സ്വപ്‌നങ്ങളും ബാക്കി വെച്ചു മരണത്തിന്റെ കൈ പിടിച്ചു യാത്രയായി. ഇവരെ പിന്നീട് നിര്‍ഭയ അഥവാ ഭയമില്ലാത്തവള്‍ എന്ന പേരില്‍ വിശേഷിപ്പിക്കാന്‍ തീരുമാനിച്ചു.
ഡിസംബര്‍ 18
കറതീര്‍ന്ന അന്വേഷണത്തിനൊടുവില്‍ മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, രാം സിംഗ് നാലു നരാധമന്മാര്‍ കേസില്‍ അറസ്റ്റിലാകുന്നു. രാം സിംഗായിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍. ഇയാളുടെ സഹോദരനായിരുന്നു മുകേഷ്.
ഡിസംബര്‍ 21
പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ആനന്ദ് വിഹാരിലെ ബസ് ടെര്‍മിനലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുകേഷിനെ നിര്‍ഭയയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു. ആറാമത്തെ പ്രതി അക്ഷയ് താക്കൂറിനായി ഹരിയാനയിലും ബീഹാറിലും വരെ തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ ബീഹാറിലെ ഔറംഗബാദ് ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 23 മുതല്‍ രാജ്യത്ത് നിര്‍ഭയ കേസില്‍ പ്രതിഷേധം കനത്തു. പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
ഡിസംബര്‍ 29
നിര്‍ഭയ സിംഗപ്പൂര്‍ ആശുപത്രിയില്‍ വേദനകളും യാതകളും ഇല്ലാത്ത ലോകത്തേയ്ക്കു യാത്രയാകുന്നു. ബലാത്സംഗ കേസുകളില്‍ വേഗത്തിലുള്ള വിചാരണ വേണമെന്ന് ആവശ്യം അംഗീകരിച്ച് ജനുവരി രണ്ടിന് അന്നത്തെ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അതിവേഗ കോടതി ഉദ്ഘാടനം ചെയ്തു
ജനുവരി-3
അഞ്ച് പേര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി. കൂട്ടബലാത്സംഗം, കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗുണ്ടായിസം, എന്നീ കേസുകളാണ് ചുമത്തിയത്. ജനുവരി 17ന് വിചാരണയ്ക്കുള്ള നടപടികള്‍ ആരംഭിച്ചു. കേസിലെ ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിഞ്ഞെന്ന് ജനുവരി 28ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പറഞ്ഞു. അതിവേഗ കോടതിയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും ഇയാള്‍ക്കെതിരെ കേസെടുത്തു. മാര്‍ച്ച് 11ന് കേസിലെ മുഖ്യപ്രതികളിലൊരാള്‍ തീഹാര്‍ ജയില്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.
ജൂലായ് 5
ജൂലായ് അഞ്ചിന് പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ പൂര്‍ത്തിയായി. ജൂലായ് 11ന് വിധി പറയാനായി മാറ്റി. ഡിസംബര്‍ 16ന് ഒരു മരപ്പണിക്കാരനെ ഇയാള്‍ കൊള്ളയടിച്ചതായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പറഞ്ഞു. കേസിലെ എല്ലാ സാക്ഷികളെയും വിസ്തരിച്ചു.
ഓഗസ്റ്റ് 31 ന് പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ വിധിച്ചു. സെപ്റ്റംബര്‍ പത്തിന് കോടതി മുകേഷ്, വിനയ്, അക്ഷയ്, പവാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രഖ്യാപിക്കുന്നു. സെപ്റ്റംബര്‍ 13ന് ഇവര്‍ക്ക് വധശിക്ഷ വിധിക്കുന്നു. 2014 മാര്‍ച്ച് 13ന് വിചാരണക്കോടതി വിധി ദില്ലി ഹൈക്കോടതി ശരിവെച്ചു.
മാര്‍ച്ച് 15ന് സുപ്രീം കോടതി പ്രതികളുടെ വധശിക്ഷ സ്‌റ്റേ ചെയ്തു. നിര്‍ഭയയുടെ മരണമൊഴി ഹാജരാക്കാന്‍ സുപ്രീം കോടതി പോലീസിനോട് ആവശ്യപ്പെട്ടു. 2017 മെയ് അഞ്ചിന് സുപ്രീം കോടതി ഇവരുടെ വധശിക്ഷ ശരിവെച്ചു. നിര്‍ഭയ കേസില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും വലിയൊരു ആഘാതത്തിന്റെ സുനാമി തന്നെ ഉണ്ടാക്കിയെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ആര് കൊല്ലും
അന്വേഷണത്തിന്റെ വഴികള്‍ ആരാച്ചാരെ അന്വേഷിച്ച് നാടുതോറും അധികാരികള്‍ . ജയിലധികൃതര്‍ക്ക് ഞാന്‍ കൊല്ലാം കൂലി തരണ്ട എന്നു കാണിച്ച് സാധാരണക്കാരും സിനിമാതാരങ്ങളുള്‍പ്പടെയുള്ളവരുടെ കത്തുകള്‍. നിയോഗം തേടിവെച്ചിരുന്നത് മുതുമുത്തച്ഛന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാനര്‍ഹതയുള്ള പവന്‍ജല്ലാദിന്. ആളെവരുത്തി വിശദമായി ചോദിച്ചറിഞ്ഞു കൂലിയും നിശ്ചയിച്ചു ഉത്തരവാദിത്വം ഏല്‍പ്പിച്ചു.
ഹര്‍ജികള്‍ വന്നവഴി
നവംബര്‍ എട്ടുമുതലാണ് പ്രതികളുടെ ഹര്‍ജികളുടെ പ്രളയം തന്നെ ഉണ്ടാവുന്നത്. മുകേഷ് സിംഗ് തന്റെ വധശിക്ഷയില്‍ പുനപ്പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ഡിസംബര്‍ 12ന് മുകേഷിന്റെ ഹര്‍ജിയെ ദില്ലി പോലീസ് എതിര്‍ത്തു. ഡിസംബര്‍ 15ന് മറ്റ് പ്രതികളായ വിനയ് ശര്‍മ, പവന്‍ കുമാര്‍ ഗുപ്ത എന്നിവര്‍ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. 2018 മെയ് നാലിന് ഇവരുടെ ഹര്‍ജി മാറ്റി. ജൂലായ് ഒമ്പതിന് മൂന്ന് പേരുടെയും ഹര്‍ജി കോടതി തള്ളി. 2019ഫെബ്രുവരിയില്‍ കേസിലെ എല്ലാ പ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ ദില്ലി കോടതിയെ സമീപിച്ചു. ഇതേ വര്‍ഷം ഡിസംബര്‍ പത്തിന് അക്ഷയ് വീണ്ടും പുനപ്പരിശോധനാ ഹര്‍ജി നല്‍കി. 13ന് നിര്‍ഭയയുടെ അമ്മ ഈ ഹര്‍ജിയെ എതിര്‍ത്തു. 18ന് സുപ്രീം കോടതി ഹര്‍ജി തള്ളി. ദില്ലി സര്‍ക്കാര്‍ ഇവരെ വധശിക്ഷയ്ക്ക് വിധിക്കാനുള്ള വാറന്റ് ആവശ്യപ്പെട്ടു. ദില്ലി കോടതി പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഉപയോഗിക്കാമെന്ന് കാണിച്ച് തീഹാര്‍ ജയിലധികൃതര്‍ക്ക് കത്തയച്ചു. 19ന് ദില്ലി ഹൈക്കോടതി പവന്‍ കുമാറിന് കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം തള്ളി.
2020 -ലെ ഹര്‍ജികള്‍
2020 ജനുവരി ആറിന് പവന്‍ കുമാറിന്റെ പിതാവിന്റെ ഹര്‍ജി ദില്ലി കോടതി തള്ളി. ഏഴിന് ജനുവരി 22ന് പ്രതികളെ വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടു. ജനുവരി 14ന് സുപ്രീം കോടതി വിനയുടെയും മുകേഷ് കുമാറിന്റെയും തടസ്സ ഹര്‍ജികള്‍ തള്ളി. മുകേഷ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. 17ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളി. ഇതോടെ വിചാരണക്കോടതി ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റണമെന്ന് വാറന്റ് പുറപ്പെടുവിച്ചു. 25ന് മുകേഷ് സിംഗ് ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 29ന് അക്ഷയ് കുമാര്‍ തടസ്സ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. ഇതേ ദിവസം കോടതി മുകേഷിന്റെ ഹര്‍ജി തള്ളി. 30ന് അക്ഷയ് കുമാര്‍ സിംഗിന്റെ തടസ്സ ഹര്‍ജിയും തള്ളി. 31ന് ജുവനൈലാണെന്നുള്ള ഹര്‍ജി വീണ്ടും സുപ്രീം കോടതി തള്ളി. ദില്ലി കോടതി ഇതിനിടെ വധശിക്ഷ വീണ്ടും നീട്ടി.
കേന്ദ്രവും കോടതിയില്‍
കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി ഒന്നിന് വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളി. എല്ലാ പ്രതികളെയും ഒരുമിച്ച് മാത്രമേ തൂക്കിലേറ്റൂ എന്ന് കോടതി വിധിച്ചു. നിയമപരമായ എല്ലാ അവകാശങ്ങളും ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രതികള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി 17ന് ദില്ലി ഹൈക്കോടതി വീണ്ടും മാര്‍ച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ തടസ്സ ഹര്‍ജികള്‍ ഉള്ളതിനാല്‍ ഇത് പിന്നെയും വൈകി. പ്രതികളുടെ എല്ലാ നിയമപരമായ അവകാശങ്ങളും അവസാനിച്ചതായി നേരത്തെ സുപ്രീം കോടതി പറഞ്ഞു. മാര്‍ച്ച് അഞ്ചിന് പട്യാല ഹൗസ് കോടതി പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.അതേ അത് തന്നെ സംഭവിച്ചു. സൂര്യന്‍ ചക്രവാളസീമയിലേയ്ക്ക് എത്തിനോക്കും മുമ്പ് കറുത്ത തുണിയില്‍ തലമൂടി അവരെ ലക്ഷ്യത്തിലെത്തിച്ചു.
ആ നിമിഷത്തിന് സാക്ഷികളായി എത്തേണ്ടവരെല്ലാം എത്തി . പ്രത്യേകം നിര്‍മിച്ച കയറുകൊണ്ടുള്ള കുരുക്ക് തലയ്ക്കു മുകളിലൂടെ കഴുത്തിലെത്തി പാരമ്പര്യമായി തനിക്കു പകര്‍ന്നു കിട്ടിയ കഴിവുമായ് എത്തിയ പവന്‍ജല്ലാദിന്റെ ഉരുക്കുകൈകള്‍ തൂക്കുമരത്തട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ലിവറില്‍ അമര്‍ന്നു . അല്പം മനസ്സൊന്നു പിടഞ്ഞോ, ഇല്ല ഒട്ടുമില്ല ആ കൈകള്‍ പിന്നോട്ടു മാറി കൂടെ കൈക്കുള്ളിലിരുന്ന ലിവറും അതോടെ ആ കൗമാരസ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞ ഒരു കുടുബത്തിന്റെ പ്രതീക്ഷകളെ പിച്ചികീറിയ നാലു രാക്ഷസന്‍മാരെ വിട്ടു പ്രഞ്ജ അകലേയ്ക്ക് ചിറകടിച്ചു ഓര്‍ക്കാന്‍ അറയ്ക്കുന്ന അവരെ ഓര്‍മ്മയുടെ താളുകളിലാക്കി.