കൊച്ചി: ഇന്ത്യന്‍ ഗ്യാസ് എല്‍.പി.ജി റീഫില്‍ ബുക്കിങ്ങിന് ഇനി രാജ്യത്തുടനീളം ഒരു പൊതുനമ്പര്‍. 77 189 55 555 എന്ന നമ്പറാണ് ഉപയോഗിക്കേണ്ടത്. ഈ മാസം 31ന് അര്‍ധരാത്രി ഇത് നിലവില്‍ വരും. പിന്നീട് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും ലഭ്യമാകും. ഈ നമ്പറില്‍ എസ്.എം.എസ്, ഐ.വി.ആര്‍.എസ് വഴി ബുക്കിങ് എളുപ്പമാകും.
ഉപഭോക്താക്കള്‍ ഏത് സംസ്ഥാനത്തായാലും ഒരു ടെലികോം സര്‍ക്കിളില്‍നിന്ന് മറ്റൊന്നിലേക്ക് മാറിയാലും ഇന്‍ഡേന്‍ റീഫില്‍ ബുക്കിങ് നമ്പര്‍ മാറില്ല. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമായിരിക്കും ബുക്കിങ്.
റീഫില്‍ ബുക്കിങ്ങിന്റെയും മൊബൈല്‍ നമ്പര്‍ രജിസ്ട്രേഷന്റെയും പുതുക്കിയ പ്രക്രിയ ഇപ്രകാരം:
നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഐ.വി.ആര്‍.എസ് 16 അക്ക ഉപഭോക്തൃ ഐ.ഡി ആവശ്യപ്പെടും. ഈ 16 അക്ക ഉപഭോക്തൃ ഐ.ഡി ഇന്‍ഡേന്‍ എല്‍.പി.ജി ഇന്‍വോയ്സുകള്‍/കാഷ് മെമോകള്‍/സബ്സ്‌ക്രിപ്ഷന്‍ വൗച്ചര്‍ എന്നിവയില്‍ ഉണ്ടാകും. ഉപഭോക്താവ് നമ്പര്‍ സ്ഥിരീകരിച്ചാല്‍ റീഫില്‍ ബുക്കിങ് സ്വീകരിക്കും.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഇന്‍ഡേന്‍ റെക്കോഡുകളില്‍ ലഭ്യമല്ലെങ്കില്‍, ഉപഭോക്തൃ ഐ.ഡി നല്‍കി മൊബൈല്‍ നമ്പറിന്റെ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം. സ്ഥിരീകരിച്ചാല്‍, റീഫില്‍ ബുക്കിങ് സ്വീകരിക്കും.