വടകര: നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പാചകവാതകത്തിനും വില കുത്തനെ ഉയര്‍ന്നതോടെ ഹോട്ടലുകളുടെ ഉള്ള് പുകയുന്നു. പാചക വാതകത്തിന്റെ വില അടുത്ത കാലത്തൊന്നുമില്ലാത്തത്ര വര്‍ധിച്ചത് ഹോട്ടലുകളെ കടുത്ത പ്രതിസന്ധിയിലാക്കി. 19 കിലോ വരുന്ന ഒരു വാണിജ്യ സിലിണ്ടറിന് 1,950 മുതല്‍ 2,126 രൂപ വരെയാണ് ഇപ്പോഴത്തെ വില. ചെറുകിട ഹോട്ടലുകളെയാണ് പാചക വാതക വില വര്‍ധന കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. തട്ടുകടകളും ചെറുകിട ഹോട്ടലുകളും പിടിച്ചുനില്ക്കാന് ഏറെ ബുദ്ധിമുട്ടുകയാണ്. ചെറുകിട ഹോട്ടലുകള്‍ അടക്കം വിറക് അടുപ്പിനോട് വിടപറഞ്ഞതോടെ ഗ്യാസ് അടുപ്പിലാണ് പാചകം ചെയ്യുന്നത്.
പിടിച്ച് നില്ക്കാന് ഭക്ഷണവില വര്‍ധിപ്പിക്കേണ്ടിവരും. വില വര്‍ധിപ്പിച്ചാല്‍ കച്ചവടം കുറയുമെന്നതിനാല്‍ ഇതിനും കഴിയുന്നില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കോവിഡിനു ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന സമയത്താണ് വിലക്കയറ്റം ഹോട്ടല്‍ മേഖലയെയും സാധാരണക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുന്നത്.
പച്ചക്കറിയുടെ നിയന്ത്രണമില്ലാത്ത വിലക്കയറ്റവും പ്രയാസം വര്‍ധിപ്പിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചതോടെ പാര്‍സല്‍ മാത്രം നല്കി മുന്നോട്ട് നീങ്ങിയിരുന്ന ഹോട്ടല്‍ മേഖലയില്‍ ഇരുത്തി ഭക്ഷണം നല്കിത്തുടങ്ങിയത് അടുത്തിടെയാണ്. അപ്പോഴേക്കും ഇരുട്ടടിയായി പാചക വാതക നിത്യോപയോഗ സാധന വില വര്‍ധന മാറുകയാണ്. കോവിഡ് ഇളവുകളില്‍ തുറന്ന ഹോട്ടലുകള്‍ തൊഴിലാളികളുടെ എണ്ണം പഴയതില്‍ നിന്ന് വെട്ടിച്ചുരുക്കിയാണ് മുന്നോട്ടു പോകുന്നത്.