കൊല്ലം : എഴുകോണ്‍ സര്‍വീസ് സഹകരണബാങ്കില്‍ 1.66 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സിപിഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ മകനുള്‍പ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കി. ക്രമക്കേട് നടന്നതായി പറയുന്ന കാലയളവിലെ സെക്രട്ടറി കെ അനില്‍കുമാര്‍, അക്കൗണ്ടന്റ് ബി ബൈജു, അറ്റന്‍ഡര്‍ ടി പി സുജിത് എന്നിവരെയാണ് പുറത്താക്കിയത്. ഏരിയ സെക്രട്ടറി പി തങ്കപ്പന്‍ പിള്ളയുടെ മകനാണ് സുജിത്.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. സ്ഥിരനിക്ഷേപക്കാരറിയാതെ അവരുടെ നിക്ഷേപത്തുകയില്‍ നിന്ന് വായ്പത്തട്ടിപ്പുള്‍പ്പെടെ നടത്തിയെന്നാണ് കണ്ടെത്തല്‍. വായ്പക്കാരറിയാതെ ഈ തുക പങ്കിട്ടെടുത്തായിരുന്നു തട്ടിപ്പ്. 2020 ഫെബ്രുവരിയിലാണ് ക്രമക്കേടെന്ന ആരോപണമുയര്‍ന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി അച്ചടക്കസമതിയെയും ബാങ്ക് നിയോഗിച്ചിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശാനുസരണം 15 വര്‍ഷം മുമ്പ് വരെയുള്ള രേഖകള്‍ പരിശോധിച്ചു. തുടര്‍ന്ന് അന്വേഷണ വിധേയമായി മാര്‍ച്ചില്‍ ഇവരെ സസ്പെന്‍ഡ് ചെയ്തു. നഷ്ടപ്പെട്ട തുക ആരോപിതരില്‍നിന്ന് ഈടാക്കിയിരുന്നതിനാല്‍ ബാങ്കിന് സാമ്പത്തികനഷ്ടം സംഭവിച്ചിട്ടില്ല.
എന്നാലും അന്വേഷണം മുന്നോട്ടു പോകുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുറത്താക്കല്‍ നടപടി. സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. സിപിഎം ഏരിയ കമ്മിറ്റിയും സംഭവത്തില്‍ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്ക് മൂന്നുമാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതിന് അവസരമുണ്ട്.