തിരുവനന്തപുരം : സഹകരണ ബാങ്കുകളുടെ ഇടപാടുകളെക്കുറിച്ച് പരാതി ഉയരുമ്പോഴും ബാങ്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ സഹകരണവകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല. 250 ഓഡിറ്റര്‍മാരുടെ തസ്തികയാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഒഴിവുകള്‍ നികത്തണമെന്ന് ജോയിന്റ് കൗണ്‍സില്‍സര്‍ക്കാരിനോടാവശ്യപ്പെട്ടു. സഹകരണ ബാങ്കുകളില്‍ എല്ലാ വര്‍ഷവും ഓഡിറ്റ് നടത്തി പൊതുയോഗത്തിന്റെ അംഗീകാരം വാങ്ങണമെന്നാണ് ചട്ടം. വകുപ്പിന്റെ ഓഡിറ്റര്‍മാര്‍ നേരിട്ട് ഓഡിറ്റ് നടത്തണമെന്നും ചട്ടം വ്യക്തമാക്കുന്നു.
എപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഓഡിറ്റ്. സംസ്ഥാനത്ത് നിലവില്‍ 18223 സഹകരണ സംഘങ്ങളാണ് ഓഡിറ്റിനായുള്ളത്. ഓഡിറ്റര്‍മാര്‍ 2035 മാത്രം. 250 തസ്തിക ഒഴിഞ്ഞ് കിടക്കുന്നു. തൃശൂര്‍ ജില്ലയില്‍ മാത്രം 30 ഒഴിവ്. മലപ്പുറത്തും കണ്ണൂരും ഇരുപധിലധികം ഒഴിവുകള്‍. 1985ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും വകുപ്പ് പിന്തുണരുന്നത്.
ഓഡിറ്റിനുള്ള ഫീസ് സഹകരണ സംഘങ്ങളാണ് നല്‍കുന്നത്. മാസം മൂന്ന് സംഘങ്ങള്‍വരെ ഓഡിറ്റ് ചെയ്താല്‍ സര്‍ക്കാരിന് വരുമാനം ശരാശരി രണ്ട് ലക്ഷം രൂപവരെ ലഭിക്കും. അതായത് സര്‍ക്കാരിന് വരുമാനമുണ്ടാക്കുന്ന വകുപ്പിലാണ് ഇത്രയും ഒഴിവുകള്‍ നികത്താതെ കിടക്കുന്നത്.