ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക, കന്നുകാലി ഉത്പന്നങ്ങളില്‍ കൊറോണ വൈറസുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തണമെന്ന് ഉത്തരവിട്ട് ഡിപിക്യുഎസ് (പ്ലാന്റ് പ്രൊട്ടക്ഷന്‍, ക്വാറന്റീന്‍ ആന്‍ഡ് സ്റ്റോറേജ് ഡയറക്ടറേറ്റ്). ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ വിശദമായി പരിശോധിക്കണമെന്നും ക്ലിയറന്‍സിന് മുന്‍പായി സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരീക്ഷിക്കണമെന്നും ഡയറക്ടറേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിരോധിച്ചിട്ടില്ല. വൈറസിന്റെ അംശം കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യമെന്ന് ഡയറക്ടറേറ്റ് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രാദേശിക ലബോറട്ടറികള്‍ക്ക് വൈറസ് പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ സാമ്പിളുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് യൂണിറ്റുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.