തിരുവനന്തപുരം: കൊറോണ വൈറസ് ബാധയിൽ ചൈനയിൽ മരണം 1335 ആയി. ഹുബൈ പ്രവശ്യയിൽ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. 14,840 പേർക്കുകൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. രോഗം ഏങ്ങോട്ടേയ്ക്കും വ്യാപിക്കാൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർത്ഥിയെ ഐസൊലേഷൻ വാർഡിൽ നിന്നും ഇന്ന് മാറ്റും. തുടർച്ചയായ പരിശോധനാഫലങ്ങൾ നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്യുന്നത്. അതേസമയം ഈ മാസം 26 വരെ ഇയാളെ വീട്ടില്‍ നിരീക്ഷണത്തില്‍ വെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ ജില്ലയിലെ ആശുപത്രികളിൽ ആരും നിരീക്ഷണത്തിലില്ല. വീടുകളില്‍ 139 പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് 2,455പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബാഴ്സലോണയിൽ നടക്കാനിരുന്ന ലോക മൊബൈൽ കോൺഗ്രസ് റദ്ദാക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. മൈബൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈൽ കോൺഗ്രസ്. കൊറോണ ഭീതി ഒഴിയാത്ത പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലെ ലാമ അറിയിച്ചു.