തിരുവനന്തപുരം : കൊവിഡ് വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. ഇന്നലെ ലഭിച്ച ഏഴ് പരിശോധനാ ഫലങ്ങളും നെഗറ്റീവാണെങ്കിലും മാഹിയിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയായ 68 വയസുകാരി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ബീച്ച് ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്താനുളള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
അതേസമയം കാസർഗോഡ് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി ബന്ധപ്പെട്ട ആളുകളെ കണ്ടെത്തുവാനുള്ള ശ്രമങ്ങൾ തുടരുന്നു. റൂട്ട് മാപ്പ് പുറത്ത് വിട്ടതിനെ തുടർന്ന് കൂടുതൽ ആളുകൾ കഴിഞ്ഞ ദിവസം തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. 34 പേരുമായാണ് രോഗി നേരിട്ട് സമ്പർക്കം പുലർത്തിയതെന്നാണ് കണ്ടെത്തൽ. രോഗി സന്ദർശനം നടത്തിയ സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറടക്കം 12 പേരെ നിലവിൽ ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഉടൻ പരിശോധനാ ഫലം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ ചിലരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ 368 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഒരു രോഗ ബാധിതൻ അടക്കം ആറുപേർ ആശുപത്രികളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.