ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കുന്ന സ്പാനിഷ് ഫ്ലൂവിനെക്കാളും മാരകമാകും കൊറോണ വൈറസ് അഥവാ കോവിഡെന്ന് റിപ്പോര്‍ട്ട്. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് പ്രകാരം കൊറോണ വൈറസ് സ്പാനിഷ് ഫ്ളൂവിനേക്കാളും മാരകമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. ആഗോളതലത്തില്‍ 20 കോടിയിലധികം പേരെയാണ് ഇതിനോടകം കോവിഡ് ബാധിച്ചത്.
1918 ലെ സ്പാനിഷ് ഫ്ളൂവിനെയാണ് ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്നത്. 1918 മുതല്‍ 1920 വരെയാണ് സ്പാനിഷ് ഫ്ളൂ നീണ്ടു നിന്നത്. ലോകത്ത് മഹാമാരി 500 ദശലക്ഷത്തോളം പേരെ ബാധിക്കുകയും 50 ദശലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചവരെക്കാളേറെ പേര്‍ സ്പാനിഷ് ഫ്ളൂ ബാധിച്ച് മരിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജെറെമി ഫോസ്റ്റ് വ്യക്തമാക്കിയത് അനുസരിച്ച് സ്പാനിഷ് ഫ്ളൂവിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഉണ്ടായിരുന്ന മരണത്തിന്റെ ഇന്‍സിഡന്റ് റേറ്റ് അനുപാതം കോവിഡിന്റെ ആരംഭത്തില്‍ തന്നെ കാണാന്‍ സാധിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ സ്പാനിഷ് ഫ്ളൂവിന്റെ മൂര്‍ധന്യാവസ്ഥയില്‍ റിപ്പോര്‍ട്ട് ചെയ്ത അധിക മരണ നിരക്കും കോവിഡ് മഹാമാരിയുടെ പകര്‍ച്ചയുടെ ആദ്യ മാസങ്ങളിലെ നിരക്കുമാണ് ഗവേഷണത്തിനായി താരതമ്യം ചെയ്തത്. ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെന്റല്‍ ഹൈജീന്റെയും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും യുഎസ് സെന്‍സസ് ബ്യൂറോയുടെയും കണക്കുകളാണ് ഗവേഷണത്തിനായി ഉപയോഗപ്പെടുത്തിയത്.