ജമ്മു: ലോക്ക് ഡൗണില്‍ പുറത്തിറങ്ങുന്നവര്‍ക്ക് പോലീസ് ചാപ്പ കുത്തുന്നു . രാജ്യത്ത് ലോക്ക് ഡൌണ്‍ നിലവിലുള്ള സാഹചര്യത്തില്‍ അത് ലംഘിക്കുന്നവര്‍ക്കെതിരെ വ്യത്യസ്തമായ നടപടിയുമായി വന്നത് ജമ്മു പോലീസാണ്. മതിയായ കാരണങ്ങളില്ലാതെ പുറത്ത് കറങ്ങിനടക്കുന്നവരുടെ നെറ്റിയിലും കയ്യിലും കൊറോണ ലോക്ക് ഡൌണ്‍ വയലേറ്റര്‍ എന്ന് സീല്‍ ചെയ്തുകൊണ്ടാണ് പോലീസ് ആളുകളെ പിന്തിരിപ്പിക്കുന്നത്.
രണ്‍ബീര്‍ സിങ് പുരയിലാണ് പോലീസ് ഇത്തരത്തിലുള്ള കര്‍ശന നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. സ്റ്റാമ്പില്‍ പതിക്കുന്ന സീലിന്റെ മഷി ഉപയോഗിച്ചാണ് ജമ്മു പോലീസ് നിയമം ലംഘിക്കുന്നവരില്‍ സീല്‍ ചെയ്യുന്നത്. വീണ്ടും ഇവര്‍ പുറത്തിറങ്ങുകയാണെങ്കില്‍ തിരിച്ചറിയാനും ഇത് എളുപ്പമാകും. പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം കര്‍ശനമായ നടപടികളാണ് രാജ്യത്തെങ്ങും പോലീസുകാര്‍ സ്വീകരിക്കുന്നത്. കോവിഡ് 19 ആശുപത്രിയായി ജമ്മു ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജാണ് അധികൃതര്‍ തെരഞ്ഞെടുത്തിട്ടുള്ളത്.