കൊച്ചി : കൊറോണ ബാധിച്ച് മരിച്ച രോഗിയെ മരണശേഷം രണ്ടു ദിവസം കൂടി ചികിത്സിച്ചതായി കാട്ടി ബില്ല് വാങ്ങി. എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയാണ് ബന്ധുക്കളില്‍ നിന്നും അധിക തുക വാങ്ങിയത്. ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. അതേസമയം നാലു ദിവസത്തെ ചികിത്സാ ബില്ല് മാത്രമാണ് കൈപ്പറ്റിയിട്ടുള്ളതെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു.
വരാപ്പുഴ പഞ്ചായത്തിലെ ചിറയ്ക്കല്‍ സ്വദേശി രാമനെയാണ് കഴിഞ്ഞ രണ്ടാം തിയതി പുലര്‍ച്ചയോടെ പനിയെ തുടര്‍ന്ന് എറണാകുളം ഇടപ്പള്ളി എംഎജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി ആദ്യം 10,000 രൂപ അടയ്ക്കാന്‍ അവശ്യപ്പെട്ടു. തുടര്‍ന്ന് രോഗിക്ക് കൊറോണ ബാധയാണെന്നും ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റാന്‍ 30,000 രൂപയടക്കാനും ആവശ്യപ്പെട്ടു. തുക നല്‍കി ചികിത്സ തുടര്‍ന്നെങ്കിലും അഞ്ചാം തീയതി രോഗി മരണപ്പെട്ടതായി ബന്ധുക്കളെ ആശുത്രിയില്‍ നിന്നും അറിയിച്ചു. ബാക്കി ബില്‍ തുകയായി ആദ്യം 60,000 രൂപയും പിന്നീട് തല്‍ക്കാലം 45,000 രൂപയും അടച്ച് മൃതദേഹം ഏറ്റുവാങ്ങാനാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
തുക നല്‍കി മൃതദേഹം അഞ്ചാം തീയതി തന്നെ കളമശേരി പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. പിന്നീട് ബില്‍ തുകയുടെ വിവരം അറിയാന്‍ വിളിച്ചപ്പോള്‍ ഏഴാം തീയതി വരെ ചികിത്സ നല്‍കിയതിന്‍്റെ 70,794 രൂപയുടെ ബില്‍ ലഭിച്ചു. നിലവില്‍ 85,000 ത്തോളം രൂപ ആശുപത്രിയില്‍ അടച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം സംസ്കരിച്ചതിന് ശേഷമുള്ള രണ്ടു ദിവസം രോഗിയുടെ ചികിത്സയ്ക്കായി 21 പിപിഇ കിറ്റ്, 25 N95 മാസ്ക്, അഞ്ച് ഫെയ്സ് ഷീല്‍ഡ് എന്നിവയും മരുന്നുകളും നല്‍കിയതായാണ് ബില്ലില്‍ കാണിച്ചിരിക്കുന്നത്.
മരിച്ച ശേഷവും രണ്ടു ദിവസം ചികിത്സ നല്‍കിയതിന്‍്റെ ബില്ല് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ആശുപത്രി അധികൃതരും തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. പരാതിയില്‍ തുടര്‍ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊറോണ ചികിത്സയ്ക്ക് ഈടാക്കേണ്ട തുകയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മരണശേഷവും ചികിത്സ നല്‍കിയതിന്‍്റെ തുക ബില്ലാക്കി സ്വകാര്യ ആശുപത്രി തട്ടിപ്പ് നടത്തുന്നത്.