പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ പ്രത്യേക മാധ്യമ നിരീക്ഷണ വിഭാഗം തുടങ്ങി. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് നിരീക്ഷണ വിഭാഗം രൂപീകരിച്ചിട്ടുള്ളത്.
കോവിഡ് 19മായി ബന്ധപ്പെട്ട് ദേശീയവും അന്തര്‍ദേശീയവും ആഗോളതലത്തിലുള്ളതുമായ സംഭവങ്ങള്‍ നിരീക്ഷിക്കും. രോഗം സ്ഥിരീകരിച്ചിട്ടുള്ള മേഖലയിലെ ആവശ്യകതകള്‍ മനസിലാക്കി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങളില്‍ കൊറോണ രോഗവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളും പോസ്റ്റുകളും നിരീക്ഷിക്കും. സംസ്ഥാനതലത്തിലുള്ള മാധ്യമ നിരീക്ഷണ സംവിധാനത്തിന്റെ മാതൃകയിലാണ് ജില്ലയിലും നിരീക്ഷണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. വ്യാജ വാര്‍ത്തകളോ, സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വിവരം തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് കൈമാറും. പരിശോധനയ്ക്ക് ശേഷം നടപടികള്‍ ആവശ്യമുള്ള വിഷയങ്ങള്‍ പോലീസിന് കൈമാറും.
ആരോഗ്യവകുപ്പില്‍ നിന്നുള്ള അസിസ്റ്റന്റ് സര്‍ജന്മാര്‍, കമ്യൂണിറ്റി മെഡിസിന്‍ ഡോക്ടര്‍മാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം, റവന്യു, ഐടിവകുപ്പ്, പിആര്‍ഡി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നിരീക്ഷണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഡോ. അംജിത്ത് രാജീവനാണ് നിരീക്ഷണ വിഭാഗത്തിന്റെ തലവന്‍. ഡോ.എസ്.സേതുലക്ഷ്മി, ഡോ.എസ്.ശ്രീകുമാര്‍, എം.അബ്ദുള്‍കലാം, ഉഷാകുമാരി മാടമണ്‍, ഐശ്വര്യ ശങ്കര്‍, ബി.ഗീത, പയസ് അഹമ്മദ്, സോണി സാംസണ്‍, പി.ബിനു തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. കോവിഡ് 19 സംബന്ധിച്ച് വ്യാജ സന്ദേശങ്ങളോ, വാര്‍ത്തകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 9497377823 എന്ന നമ്പരില്‍ നിരീക്ഷണ വിഭാഗത്തെ വിവരം അറിയിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.