പത്തനംതിട്ട : കോവിഡ് 19 നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീടിന് നേരെ കല്ലെറിയുകയും പെൺകുട്ടിയെയും പിതാവിനെയും സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടാണ് കോന്നി എം.എല്‍.എ ജനീഷ് കുമാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഡി.സി. സി. ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ ആരോപിച്ചു. പ്രതികള്‍ ഏത് പാർട്ടിക്കാരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കോന്നി എം.എല്‍.എ പറയുന്നത് അനുസരിച്ചാണ് തണ്ണിത്തോട് പോലീസ് പെരുമാറുന്നത്. പ്രതികള്‍ക്കെതിരെ വളരെ നിസാരമായ വകുപ്പുകള്‍ മാത്രം ഉൾപ്പെടുത്തിയാണ് കേസ് എടുത്തത്. ആക്രമിസംഘത്തെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ പോലിസ് സ്വീകരിച്ചത്. എം.എല്‍.എയുടെ ആജ്ഞാനുവര്‍ത്തികളായ തണ്ണിത്തോട് പോലീസില്‍ നിന്നും ഇതില്‍ കൂടുതലൊന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും സലിം പി.ചാക്കോ പറഞ്ഞു.
ഗുണ്ടാസംഘത്തെ സംരക്ഷിക്കുന്ന എം. എൽ.എയുടെ നിലപാട് നീതിയ്ക്ക് നിരക്കുന്നതല്ലെന്നും കൊറോണക്കാലത്ത് കോന്നിയില്‍ തേനും പാലും ഒഴുക്കുകയാണെന്ന് പറയുന്നവര്‍ തണ്ണിത്തോട്ടിലെ വിദ്യാര്‍ത്ഥിനിയേയും പിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന വകുപ്പുകള്‍ ഉണ്ടായിരുന്നിട്ടും അതൊക്കെ ഒഴിവാക്കിയത് അഭിഭാഷകന്‍ കൂടിയായ കോന്നി എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും സലിം പി.ചാക്കോ പറഞ്ഞു.