ഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെ ആവശ്യമില്ലെന്നും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 81 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണമുള്ള 4000 പേരെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ നിരീക്ഷണത്തിലാണെന്നും ആഭ്യന്തര, ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം മിലാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശനിയാഴ്ച വിമാനമയക്കും. അവര്‍ ഞായറാഴ്ച മടങ്ങിയെത്തുമെന്നും കേന്ദ്രസംഘം അറിയിച്ചു . കൂടാതെ ഇറാനില്‍നിന്ന് 44 പേരെ വ്യോമസേനയുടെ വിമാനത്തില്‍ വെള്ളിയാഴ്ച മുംബൈയിലെത്തിച്ചു. ഇവര്‍ നാവികസേനാകേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
കൊറോണ വ്യാപനം തടയുന്നതിന് അതിര്‍ത്തിയിലെ 37 ചെക്ക് പോസ്റ്റുകളില്‍ 19 എണ്ണം അടച്ചു. ബംഗ്ലാദേശിലേക്കുള്ള ബസ്, തീവണ്ടി സര്‍വീസുകള്‍ ഏപ്രില്‍ 15 വരെ നിര്‍ത്തി. പഞ്ചാബിലെ അട്ടാരിയിലുള്ള ഇന്ത്യ-പാക് ചെക്പോസ്റ്റ് അനിശ്ചിതകാലത്തേക്ക് അടച്ചു. അഫ്ഗാനില്‍നിന്ന് പാകിസ്താന്‍ വഴി അട്ടാരി-വാഗ അതിര്‍ത്തിയിലെത്തുന്ന ചരക്കുകള്‍ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതും ആളുകളുടെ പോക്കുവരവും വിലക്കിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ 22 കൊറോണ പോസിറ്റീവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ കൊറോണ ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ രണ്ടുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.