ഡല്‍ഹി : കൊറോണ വൈറസ് പടരുന്ന ചൈനയില്‍ കുടുങ്ങിയ 366 പേരെ നാളെ ഇന്ത്യയിലെത്തിക്കും. ഇതിനായുള്ള എയര്‍ ഇന്ത്യ വിമാനം വുഹാനില്‍ എത്തി. വുഹാനില്‍ നിന്ന് പുലര്‍ച്ചെ രണ്ട്മണിയോടെ തിരിക്കുന്ന വിമാനം നാളെ രാവിലെയോടെയായിരിക്കും ഡല്‍ഹിയിലെത്തുക.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഞ്ചംഗ ഡോക്ടര്‍ര്‍മാര്‍ വിമാനത്തിലുണ്ട്. ആദ്യ സംഘത്തില്‍ മലയാളികളും ഉണ്ടാകുമെന്നാണ് സൂചന. മടങ്ങിയെത്തുന്നവരെ മനേസറിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികള്‍ക്കായി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ 50 കിടക്കകളും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. രോഗ ലക്ഷണം കാണിക്കുന്നവരെ ഡല്‍ഹി കന്റോണ്‍മെന്റ് ബേസ് ആശുപത്രിയിലെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മറ്റും.
മറ്റുള്ളവരെ രണ്ടാഴ്ച നിരീക്ഷിക്കും. തുടര്‍ന്ന് നടത്തുന്ന പരിശോധനയില്‍ രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് അയയ്ക്കൂ. രണ്ടാമത്തെ വിമാനം നാളെ വുഹാനിലേക്ക് പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തില്‍ ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വിസും എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിട്ടിയും പ്രാഥമിക പരിശോധനകള്‍ നടത്തും.