തൃശൂര്‍: കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ കൊടുങ്ങല്ലൂര്‍ ഭരണി ആചാരങ്ങളും ചടങ്ങുകളും മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനം. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തീരുമാനം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്റെ പ്രസ്താവന കൂടി ഉള്‍പ്പെടുത്തിയാകും ഇത് ജനങ്ങളിലേക്ക് എത്തിക്കുക.
കോവിഡ് വൈറസ് സംസ്ഥാനത്തൊട്ടാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം വന്നതിനെ തുടര്‍ന്നാണിത്. കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ ഭക്തര്‍ വന്നെത്തുന്ന ഉത്സവമാണ് കൊടുങ്ങല്ലൂര്‍ ഭരണി. മാര്‍ച്ച് 19 ന് കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടക്കുന്ന ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികളും കൈക്കൊള്ളും.
വൈറസ് ബാധ സംബന്ധിച്ച് ധാരാളം വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വരുന്നുണ്ട്. ഇത് സംബന്ധിച്ച് കര്‍ശന നടപടികളും നഗരസഭ കൈക്കൊള്ളുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അറിയിച്ചു. വൈറസ് ബാധയ്‌ക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു . യോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.