പത്തനംതിട്ട : ‘നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നതിനു നന്ദിയുണ്ട്. പക്ഷെ എന്നും ഒരുപാട് പേര് ഒരേകാര്യം ചോദിച്ച് വിളിക്കും. സംസാരിച്ച് സംസാരിച്ച് മടുത്തു. ഞങ്ങളുടെ മാനസികാവസ്ഥകൂടി ഒന്നു മനസിലാക്കൂ… ഞങ്ങള്‍ക്ക് കുറച്ചു സമാധാനം തന്നൂടേ…” എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ന്ന് കളക്ടറേറ്റിലെ കോള്‍ സെന്ററില്‍ തുടര്‍ച്ചയായി വന്നുകൊണ്ടേ ഇരുന്നു. ഇതിനു ശാശ്വതപരിഹാരവുമായി ജില്ലാഭരണകൂടത്തിന് സഹായമാകുകയാണു ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി യിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി അശ്വിന്‍ മോഹന്‍.
അശ്വിന്‍ വികസിപ്പിച്ചെടുത്ത കൊറോണ ആര്‍.എം എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ ഒരു കുടുംബത്തില്‍ എത്ര പേര്‍ ഐസലേഷനിലുണ്ട്… വീട്ടിലുള്ളവരുടെ ഫോണ്‍നമ്പറുകള്‍, രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആരൊക്കെ, തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും. വിവിധ ആളുകളെ ബന്ധപ്പെടാന്‍ ഒരുവീട്ടില്‍ ചിലപ്പോള്‍ ഒരു നമ്പര്‍മാത്രമാണ് ഉണ്ടാകുക. ആ നമ്പര്‍ കുടുംബത്തിലെ ആണോ എന്ന് കണ്ടെത്തുക. ഒരാളുടെയാണെങ്കില്‍ അവരുടെ എല്ലാം വിവരങ്ങള്‍ ഒരു ഫോണ്‍കോളിലൂടെ ശേഖരിക്കുവാനാകും. ഐസ ലേഷനില്‍ കഴിയുന്നവരുടെ പേരും നമ്പരും മാത്രം ഉണ്ടായിരുന്ന സാഹചര്യത്തില്‍ ഒരേനമ്പരിലേക്കു പല വ്യക്തികളുടെ വിവരങ്ങള്‍ ചോദിച്ചറിയുവാന്‍ വിളിച്ചിരുന്നത് ഐസലേഷനില്‍ കഴിയുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിനു പരിഹാരമാണു കൊറോണ ആര്‍.എം എന്ന ആപ്ലിക്കേഷന്‍.
ഓരോ ദിവസവും വിളിക്കുന്നവരുടെ വിവരങ്ങളും, അവര്‍ക്ക് ആവശ്യംവേണ്ട സാധനങ്ങളും എല്ലാം ഈ ആപ്ലിക്കേഷനില്‍ സൂക്ഷിക്കാനാകും. ഇങ്ങനെ സൂക്ഷിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്കു ലഭിക്കേണ്ട സാധനങ്ങള്‍ ലഭിച്ചോ ഇല്ലയോ എന്ന് ഉറപ്പുവരുത്താനാകും. നേരത്തെ വീടുകളില്‍ കഴിയുന്നവരുടെ മെഡിക്കല്‍ ആവശ്യങ്ങളും മറ്റും വിവിധ ടീമുകളാണു വിളിച്ചു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഈ ആപ്ലിക്കേഷനിലൂടെ ഇവ ഏകോപിപ്പിക്കുവാന്‍ സാധിക്കും. ജനങ്ങളുമായി ഇടപെഴകുന്ന കോള്‍സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുവാന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.