കര്‍ഷക തൊഴിലാളികള്‍ക്ക് ധനസഹായം
കോവിഡ് 19 ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ ക്ഷേമനിധി അംഗങ്ങളായ കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് ധനസഹായം നല്‍കും. അറുപത് വയസ് പൂര്‍ത്തിയാകാത്തവരും 12 മാസത്തില്‍ കൂടുതല്‍ അംശദായ കുടിശിക വരുത്താത്തവരുമായ സജീവ അംഗങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. കൊറോണ ബാധിച്ചയാള്‍/ നിരീക്ഷണത്തിലുള്ളയാള്‍ എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍, അംഗം താമസിക്കുന്ന സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകന്റെ മൊബൈല്‍ നമ്പര്‍, അംഗത്തിന്റെ മൊബൈല്‍ നമ്പര്‍ എന്നിവ വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം നല്‍കണം. [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 9495717646, 9400598650 എന്നീ വാട്‌സ്ആപ്പ് നമ്പരുകളിലോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയും പകര്‍പ്പുകളും വ്യക്തതയുള്ളതായിരിക്കണം. കൂടുതല്‍ വിവരം 0468 2327415 എന്ന നമ്പരില്‍ ലഭിക്കും.
കോവിഡ് 19 ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി
സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗുരുനാഥന്‍ മണ്ണ്, ചിപ്പന്‍കുഴി പട്ടികവര്‍ഗ കോളനിയിലെ 35 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പട്ടികവര്‍ഗ വികസനവകുപ്പ് നല്‍കുന്ന 15 കിലോ അരി, 1 കിലോ വെളിച്ചെണ്ണ, 1 കിലോ കടല, 1 കിലോ ഉപ്പ്, 100 ഗ്രാം വീതം മുളകുപൊടി, മല്ലിപ്പൊടി, സോപ്പ് തുടങ്ങിയവയാണു വിതരണം ചെയ്തത്. മൂഴിയാര്‍ രണ്ടാം വാര്‍ഡ് മെമ്പര്‍ ബീനാ മോഹന്‍, എസ്.ടി പ്രമോട്ടര്‍ കൊച്ചുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണു കിറ്റുകള്‍ വിതരണം ചെയ്തത്.
വീണാ ജോര്‍ജ് എംഎല്‍എയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കി
വീണാ ജോര്‍ജ് എംഎല്‍എയുടെ ഒരുമാസത്തെ ശമ്പളവും അലവന്‍സും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് എംഎല്‍എയുടെ ശമ്പളവും അലവന്‍സും ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.
മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേലിന്റെ ഈ മാസത്തെ ഹോണറേറിയമായ 13,200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ജില്ലാ കളക്ടര്‍ പി.ബി നൂഹ് തുക ഏറ്റുവാങ്ങി.
പെന്‍ഷന്‍ തുകയില്‍ നിന്ന് 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന
പെന്‍ഷന്‍ വിതരണം തുടങ്ങിയ ആദ്യ ദിവസം വാങ്ങിയ പെന്‍ഷന്‍ തുകയില്‍ നിന്നും 10,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി റിട്ട: ജില്ലാ രജിസ്ട്രാര്‍ അബ്ദുല്‍ ഖാദര്‍. പതിനായിരം രൂപയുടെ ചെക്ക് സബ് ട്രഷറിയില്‍ വീണാ ജോര്‍ജ് എം.എല്‍.എ ഏറ്റുവാങ്ങി. ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ. അനന്തഗോപന്‍, ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു, സബ് ട്രഷറി ഓഫീസര്‍ എസ്. ജയശ്രി തുടങ്ങിയവര്‍ പങ്കെടുത്തു.
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിച്ചുവരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മാനാപ്പള്ളില്‍ അറിയിച്ചു. ചെറുകാവ് ക്ഷേത്രത്തിന് സമീപമുള്ള ഡിറ്റിപിസി ബില്‍ഡിംഗിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രദേശത്തെ നൂറ്റിഅമ്പതോളം നിര്‍ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പ് രോഗികള്‍, ഭിക്ഷാടകര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കിവരുന്നു. ഫോണ്‍: 9495184183, 9744043707.
ജില്ലയില്‍ 3529 അതിഥി തൊഴിലാളികള്‍ക്ക് അരിയും അവശ്യവസ്തുക്കളും വിതരണം ചെയ്തു
കോവിഡ് 19 ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 3529 പേര്‍ക്കായി അഞ്ച് കിലോ അരി വീതം 17645 കിലോഗ്രാം അരിയും അവയ്ക്കാനുപാതികമായി ഉരുളക്കിഴങ്ങ്, സവാള, മുളകുപൊടി തുടങ്ങിയവ ജില്ലാ ഭരണകൂടം തഹസില്‍ദാര്‍ മുഖേന വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭക്ഷ്യ കിറ്റുകളും മറ്റും വിതരണം ചെയ്തുവരുന്നു. കൂടല്‍ ജനമൈത്രി പോലീസിന്റെ വകയായി സ്വരൂപിച്ച ഭക്ഷ്യകിറ്റുകള്‍ കലഞ്ഞൂരില്‍ അതിഥി തൊഴിലാളികള്‍ക്കും റാന്നി അടിച്ചിപ്പുഴ ആദിവാസി കോളനിയില്‍ റാന്നി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലും കോയിപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്ക് കോയിപ്രം ജനമൈത്രി പോലീസും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.
റേഷന്‍ വിതരണം തുടങ്ങിയ സാഹചര്യത്തില്‍ സുഗമമായ വിധത്തില്‍ സാധനങ്ങളും മറ്റും വിതരണം ചെയ്യുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാവാന്‍ എല്ലാവരും സഹകരിക്കണമെന്നും നിശ്ചിത അകലം പാലിക്കുകയും, കൂട്ടംകൂടല്‍ ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. ഒരുസമയം അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.ഇക്കാര്യത്തില്‍ കാര്‍ഡുടമകളും റേഷന്‍ കടയുടമകളും ശ്രദ്ധിക്കണമെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു.
കോവിഡ് 19 പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ക്ഷീരസംഘങ്ങളില്‍ 1000 മാസ്‌ക്കുകളും ഗ്ലൗസുകളും സാനിറ്റൈസറും വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി പറക്കോട് ബ്ലോക്കിലെ ചെറുകുന്നം ക്ഷീര സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന ബിഎംസി ക്ലസ്റ്റര്‍ സംഘങ്ങള്‍ക്കുള്ള കിറ്റുകള്‍ സംഘം പ്രസിഡന്റ് കെ. രവിദേവന്‍ പിള്ള വിതരണം ചെയ്തു. സംഘം സെക്രട്ടറി സി.ആര്‍ ദിന്‍രാജ്, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുകുന്നം സംഘം പ്രതിദിനം 4000 ലിറ്റര്‍ പാല്‍ സംഭരിച്ച് ശീതികരിച്ച് മില്‍മയ്ക്ക് നല്‍കി വരുന്നു. ചെറുകുന്നം, മുണ്ടപ്പള്ളി, കല്ലപ്പന്‍ചിറ എന്നിവയാണ് ക്ലസ്റ്റര്‍ സംഘങ്ങള്‍. ജില്ലാ തലത്തില്‍ നടത്തിയ പരിപാടിക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു നേതൃത്വം നല്‍കി. കൂടുതല്‍ കിറ്റുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ടെലി കൗണ്‍സിലിംഗും ബോധവല്‍ക്കരവും; 9447768336, 9446445872, 9656388960, 9447279036 വിളിക്കാം
ഭാരതീയ ചികിത്സാ വകുപ്പിലെ ഹലോ ആര്‍ യു ഓകെ എന്ന പേരിലുള്ള ടെലി കൗണ്‍സിലിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആയൂര്‍വേദത്തിലെ മാനസികരോഗ ചികിത്സാ വിദഗ്ധരാണ് ഇതു കൈകാര്യംചെയ്യുന്നത്. ലോക്ക് ഡൗണ്‍ മൂലമുളള മാനസിക സംഘര്‍ഷങ്ങള്‍, മദ്യം ലഭിക്കാത്തതു മൂലമുളള പ്രശ്നങ്ങള്‍, രോഗഭീതി ഉത്കണ്ഠ എന്നിവ അനുഭവിക്കുന്നവര്‍ക്ക് ടെലി കൗണ്‍സലിംഗ് സംവിധാനം പ്രയോജനപ്പെടുത്താം. രാവിലെ 9 മുതല്‍ വൈകിട്ട് 9 വരെ ഈ നമ്പരുകളില്‍ ബന്ധപ്പെടാം. 9447768336, 9446445872, 9656388960, 9447279036. ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലും ടെലി കൗണ്‍സലിംഗ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.
കോവിഡ് ചികിത്സയിലുള്ളവര്‍ക്ക് 2.50 ലക്ഷം രൂപയുടെ മരുന്നുകളും ഉപകരണങ്ങളും നല്‍കി ജില്ലാ പഞ്ചായത്ത്
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ്-19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ഉപകരണങ്ങള്‍, സാനിറ്റൈസര്‍, മാസ്‌കുകള്‍ ഉള്‍പ്പടെ 2,50,000 രൂപയുടെ സാധനങ്ങള്‍ ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.റജി തോമസ്, ആശുപത്രി സൂപ്രണ്ട് എസ.്പ്രതിഭ, ആര്‍എംഒ ഡോ.ജീവന്‍, ഫാര്‍മസിസ്റ്റ് സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് ഭരണസമിതികൂടി ജില്ലാ ആശുപത്രിയിലേക്ക് അടിയന്തരമായി സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിനു തീരുമാനിച്ചിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും തുടര്‍ന്നും ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അറിയിച്ചു.
റാന്നിയിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ ഏകോപിപ്പിച്ച് രാജു ഏബ്രഹാം എംഎല്‍എ
കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതു മൂലം വീടുകളില്‍ കഴിയുന്ന റാന്നിയിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ ഏകോപിപ്പിച്ച് രാജു ഏബ്രഹാം എംഎല്‍എ. മാര്‍ ക്രിസോസ്റ്റം, പാലിയേറ്റീവ് കെയര്‍, ഡിവൈഎഫ്‌ഐ തുടങ്ങിയവരുടെ സഹകരണത്തോടെ എം എല്‍ എ ഓഫീസുമായി യോജിപ്പിച്ച് അതത് ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്നാണ് വിവിധ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.
മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ അഞ്ചു വാഹനങ്ങളുമായാണ് ഇവര്‍ സേവന പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ആശുപത്രി ആവശ്യങ്ങള്‍, മരുന്ന്, കിടപ്പു രോഗികളുടെ പരിചരണം, അവശ്യ സാധനങ്ങള്‍ എന്നിവ വീടുകളില്‍ എത്തിച്ചു വരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ പുറത്തിറങ്ങാനുള്ള അവസരം ഇല്ലാതാക്കി രോഗ വ്യാപനം തടയുകയാണ് ലക്ഷ്യം. സേവനങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ബന്ധപ്പെടാവുന്നതാണെന്ന് മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയര്‍ ഭാരവാഹികളായ രാജു എബ്രഹാം എംഎല്‍എ ( പ്രസിഡന്റ്) പി ആര്‍ പ്രസാദ് (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. വിജോയ് പുള്ളോലില്‍ ആണ് കോ-ഓര്‍ഡിനേറ്റര്‍. റാന്നി – ജിതിന്‍ രാജ് 9526884654, അങ്ങാടി-വൈശാഖ് 9544415036, പഴവങ്ങാടി – ലിപിന്‍ ലാല്‍ 974999512, നാറാണംമൂഴി – മിഥുന്‍ മോഹന്‍ 9947860302, വടശേരിക്കര- ബെഞ്ചമിന്‍ ജോസ് ജേക്കബ് 9947161124, വെച്ചൂച്ചിറ- അമല്‍ ഏബ്രഹാം 9847449845.
കുടുംബങ്ങള്‍ക്ക് ക്വാറന്റൈന്‍ പ്രഖ്യാപിച്ച ആദ്യനാളുകളില്‍ തന്നെ ആവശ്യങ്ങള്‍ക്കായി ഇവര്‍ ആദ്യം ബന്ധപ്പെട്ടത് രാജു എബ്രഹാം എംഎല്‍എയുടെ ഓഫീസുമായാണ്. നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ മാര്‍ഗമില്ല എന്ന അവസ്ഥ വന്നപ്പോള്‍ അവരെ സ്‌കൂളില്‍ എത്തിക്കുകയും തിരികെ കൊണ്ടുപോയതും മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ വാഹനത്തിലായിരുന്നു. പഞ്ചായത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മുന്നൂറില്‍ അധികം വീടുകളില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തിനും തുടക്കമിട്ടിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് മരുന്നും ഭക്ഷണസാധനങ്ങളും എത്തിച്ചു നല്‍കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും എംഎല്‍എയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ ആദ്യം മുതലേ സജീവമാണ്. ഹെല്‍പ്പ്‌ലൈന്‍: എം എല്‍ എ – 9447125090, പി.ആര്‍ പ്രസാദ് 9447107981, വിജോയി പുള്ളോലില്‍ 9961017207, എംഎല്‍എ ഓഫീസ് 9447269714, 9446305306.
രാജു ഏബ്രഹാം എംഎല്‍എയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കി
രാജു എബ്രഹാം എംഎല്‍എയുടെ ഒരുമാസത്തെ ശമ്പളവും അലവന്‍സും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് എംഎല്‍എയുടെ ശമ്പളവും അലവന്‍സും ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.