പത്തനംതിട്ട : കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്തിട്ടുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികള്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
ഇവര്‍ മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധം തീര്‍ക്കണം. വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ 28 ദിവസം കഴിയണം. പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്ളീച്ചിംഗ് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ടീസ്പൂണ്‍ ബ്ളീച്ചിംഗ് പൗഡര്‍ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.
ചുമ, പനി, തൊണ്ടവേദന എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനു ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുക. രോഗലക്ഷണങ്ങള്‍ രഹസ്യമായി വയ്ക്കരുത്. പൊതു വാഹനങ്ങള്‍ യാത്രയ്ക്ക് ഒഴിവാക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക. അല്ലെങ്കില്‍ മടക്കിയ കൈമുട്ടിനുള്ളിലേക്കു തുമ്മുക. ഒരിക്കലും കൈപ്പത്തികൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്. പൊതുസ്ഥലത്ത് തുപ്പരുത്.
കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് 20 സെക്കന്റോളം കഴുകണം. എഴുപതു ശതമാനം ആല്‍ക്കഹോള്‍ ഉള്ള ഹാന്റ് സാനിറ്റെസര്‍ ഉപയോഗിച്ചും കൈകള്‍ കഴുകാം. ആരോഗ്യ പ്രവര്‍ത്തകര്‍, രോഗലക്ഷണം ഉള്ളവര്‍, അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണം. രോഗലക്ഷണം ഇല്ലാത്ത ആളുകള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. മറ്റു വ്യക്തിശുചിത്വ മാര്‍ഗങ്ങള്‍ക്ക് പരമാവധി പ്രാധാന്യം കൊടുക്കണം. ഉപയോഗിച്ച മാസ്‌ക്കുകള്‍ ടിഷ്യൂ പേപ്പര്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്.
ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. പൊതു സ്ഥലങ്ങളില്‍ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക.
മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. രോഗലക്ഷണം ഉള്ളവര്‍ പൊതുപരിപാടികളിലോ, ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലോ പോകരുത്. വീടുകളില്‍ ഐസൊലേഷനിലുള്ളവരെ അനാവശ്യമായി സന്ദര്‍ശിക്കരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഇടപഴകുമ്പോള്‍ ഒരു മീറ്ററിലധികം അകലം പാലിക്കണം.
സ്വയം ചികിത്സയും അശാസ്ത്രീയ ചികിത്സകളും ഒഴിവാക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. വ്യാജവും അശാസ്ത്രീയവുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കും.
അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍, രോഗ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ എന്നിവ ഒഴിവാക്കുക. പൊതു പരിപാടികള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍,വിനോദ യാത്രകള്‍ എന്നിവ മാറ്റിവയ്ക്കുക. സ്വന്തം സുരക്ഷയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്‍ നിര്‍ത്തി എല്ലാവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.