കോന്നി : ജില്ലയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ ഗ്രാമപഞ്ചായത്തിൽ കൂടിയ അടിയന്തിര യോഗം തീരുമാനിച്ചു.
ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ മലയാലപ്പുഴ ദേവീക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി അന്നദാനവും, രാത്രികാലങ്ങളിലെ സ്റ്റേജ് പരിപാടികളും ഒഴിവാക്കാൻ തീരുമാനിച്ചു . ക്ഷേത്രത്തിനുള്ളിൽ ഉത്സവചടങ്ങുകൾ പതിവുപോലെ നടക്കും. തിക്കും തിരക്കും ഒഴിവാക്കി ദർശനം സുഗമമാക്കാന്നുള്ള ക്രമീകരണം നടത്തും. വീടുകൾ കയറിയുള്ള ബോധവത്കരണം ഉൾപ്പെടയുള്ള പരിപാടികൾ നടത്താൻ തീരുമാനമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ രേഷ്മ കെ കണ്ണൻ, പൊതുപ്രവർത്തകരായ മലയാലപ്പുഴ മോഹനൻ, ഒ ആർ സജി, അനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത അനിൽ , സെക്രട്ടറി ലീലാമ്മ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ എസ് ഗോപിനാഥപിള്ള, ഉപദേശക സമിതി ഭാരവാഹികളായ ജയചന്ദ്രൻ, ഡി ശിവദാസ്, മധുമല ഗോപാലകൃഷ്ണൻ നായർ, കര കമ്മിറ്റി ഭാരവാഹികളായ മോഹനൻ കുറിഞ്ഞിപ്പുഴ, പി എസ് അജി, ബിജു കോഴികുന്നത്ത്, രവീന്ദ്രൻ കരുവള്ളിൽ എന്നിവർ പങ്കെടുത്തു.