പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും ഒരാള്‍ ചാടിപ്പോയതായി വിവരം. എന്നാല്‍ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി പറയുകയോ വിവരം ധരിപ്പിക്കുകയോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പോലീസ് പറയുന്നു.എന്നാല്‍ ഗുരുതരമായ കൃത്യവിലോപം ആരുടെയൊക്കെയോ ഭാഗത്തുനിന്നും ഉണ്ടായെന്നുവേണം കരുതുവാന്‍.
ഇന്ന് വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. എന്നാല്‍ ഈ വിവരം ആശുപത്രി ജീവനക്കാര്‍ അറിയുന്നത് ഏറെനേരം കഴിഞ്ഞാണ്. ശൗചാലയത്തില്‍ പോയി മടങ്ങിവരാന്‍ ആവശ്യമായ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെയാണ് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ഇവര്‍ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാളുടെ പേരുവിവരങ്ങള്‍ ജില്ലാ ഭരണകൂടം പോലീസിന് കൈമാറി. യുവാവിനെ എത്രയും വേഗം കണ്ടെത്താനും തിരികെയെത്തിക്കാനുമുള്ള ശ്രമത്തിലാണ് അധികൃതര്‍. യുവാവിന് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല എന്നുപറയുന്നു. രോഗം സ്ഥിരീകരിച്ച ആളുകളുമായി യുവാവ് അടുത്തിടപഴകിയിരുന്നു. തുടര്‍ന്ന് ചില രോഗലക്ഷണങ്ങളുമായാണ് യുവാവിനെ ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.